ഏഷ്യൻ രാജ്യങ്ങളായ ജപ്പാനുമായും ഫിലിപ്പീൻസുമായും യുഎസ് വ്യാപാരക്കരാറിൽ എത്തി. ജപ്പാന് 15 ശതമാനവും ഫിലിപ്പീൻസിന് 19 ശതമാനവുമാണ് തീരുവ ഏർപ്പെടുത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അതേസമയം, അമേരിക്കൻ ചരക്കുകൾക്ക് ഫിലിപ്പീൻസിൽ തീരുവ ഉണ്ടാവില്ല.
ജപ്പാനുമായുള്ള കരാർ യുഎസിലേക്ക് 550 ബില്യൺ ഡോളറിന്റെ ജാപ്പനീസ് നിക്ഷേപം കൊണ്ടുവരുമെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ കാറുകൾ, ട്രക്കുകൾ, അരി, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് വിപണി പ്രവേശനം നൽകുന്ന വ്യവസ്ഥകളും കരാറിലുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു.
''ഞങ്ങൾ ജപ്പാനുമായി ഒരു വലിയ കരാർ പൂർത്തിയാക്കിയിരിക്കുന്നു, ഒരുപക്ഷേ, ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും വലിയ കരാറാണിത്. ജപ്പാൻ 550 ബില്യൺ ഡോളർ അമേരിക്കയിൽ നിക്ഷേപിക്കും, ഇതിന്റെ 90 ശതമാനം ലാഭവും അമേരിക്കയ്ക്ക് ലഭിക്കും. ഈ കരാർ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും- ഇതുപോലൊന്ന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.''
''ഏറ്റവും പ്രധാനമായി, കാറുകൾ, ട്രക്കുകൾ, അരി, ചില കാർഷിക ഉൽപ്പന്നങ്ങൾ, മറ്റ് ഇനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യാപാരത്തിനായി ജപ്പാൻ അവരുടെ രാജ്യം തുറക്കും. ജപ്പാൻ അമേരിക്കയ്ക്ക് 15 ശതമാനം തത്തുല്യമായ തീരുവ നൽകും.'' ട്രംപ് കൂട്ടിച്ചേർത്തു,
ജപ്പാന്റെ ഉന്നത വ്യാപാര പ്രതിനിധി റിയോസി അക്കസാവയുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ട്രംപ് ആദ്യം നിർദ്ദേശിച്ച 25 ശതമാനത്തേക്കാൾ കുറവാണ് നടപ്പാക്കൻ പോവുന്ന തീരുവ. പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം, പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറുമായി വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിലിപ്പീൻസുമായും പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചു. ഫിലിപ്പീൻസുമായി തുറന്ന വിപണിയിലേക്ക് യുഎസ് പ്രവേശിക്കുകയാണെന്നും യുഎസ് ചരക്കുകൾക്ക് ഫിലിപ്പീൻസിൽ തീരുവ ഉണ്ടാവില്ലെന്നും ട്രംപ് അറിയിച്ചു.
പുതിയ കരാർ പ്രകാരം അമേരിക്കയ്ക്കു നൽകുന്ന ചരക്കുകൾക്ക് ഫിലിപ്പീൻസ് 19 ശതമാനം തീരുവ നൽകേണ്ടിവരും. സൈനികതലത്തിലും ഇരുരാജ്യങ്ങളും സഹകരിക്കും.