Drisya TV | Malayalam News

പഴയങ്ങാടിയിൽ അമ്മയ്ക്കൊപ്പം പുഴയിൽ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല

 Web Desk    21 Jul 2025

പഴയങ്ങാടിയിൽ അമ്മയ്ക്കൊപ്പം പുഴയിൽ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല. ഇന്നു രാവിലെ മുതൽ പല ഭാഗത്തും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മകൻ കൃശിവ് രാജിനെയും (കണ്ണൻ) കൊണ്ട് ശനിയാഴ്ച അർധരാത്രി ചെമ്പല്ലിക്കുണ്ട് ഭാഗത്ത് പുഴയിൽ ചാടിയത്. പുഴയിൽ കനത്ത ഒഴുക്കായതിനാൽ തിരച്ചിൽ ദുഷ്കരമാണ്. ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

റീമ ഭർതൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശനിയാഴ്ച മാതാപിതാക്കൾ വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങാൻപോയശേഷം രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാൻ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയിൽ ചാടുകയായിരുന്നു.

2015ൽ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവർഷം മാർച്ചിൽ കണ്ണപുരം പൊലീസിൽ റീമ ഗാർഹികപീഡന പരാതി നൽകി റീമയുടെ ആത്മഹത്യക്കുറിപ്പു വീട്ടിൽനിന്നു കണ്ടെത്തി. ഇരിണാവ് സ്വദേശിയും പ്രവാസിയുമായ ഭർത്താവ് കമൽരാജിന്റെയും മാതാവിന്റെയും പീഡനംമൂലമാണു ജീവനൊടുക്കുന്നതെന്നു കുറിപ്പിലുള്ളതായാണു സൂചന.

  • Share This Article
Drisya TV | Malayalam News