Drisya TV | Malayalam News

എഐ വികസിപ്പിക്കുന്ന മരുന്നുകളുടെ പരീക്ഷണം മനുഷ്യനില്‍ ഉടന്‍

 Web Desk    18 Jul 2025

ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ എഐ അധിഷ്‌ഠിത മരുന്ന് ഗവേഷണ വിഭാഗമായ Isomorphic Labs വികസിപ്പിക്കുന്ന മരുന്നുകളുടെ ഹ്യൂമണ്‍ ട്രയല്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മരുന്നുകള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയിലും തയ്യാറാക്കാന്‍ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ ലക്ഷ്യം.ഈ മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി ഐസോമോർഫിക് ലാബ്‌സിന്‍റെ പ്രസിഡന്‍റും ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് ചീഫ് ബിസിനസ് ഓഫീസറുമായ കോളിന്‍ മര്‍ഡോക് ഫോര്‍ച്യൂണിനോട് സ്ഥിരീകരിച്ചു.

'ലണ്ടനിലെ കിംഗ്സ് ക്രോസിലുള്ള ഓഫീസില്‍ എഐ ഉപയോഗിച്ച് കാന്‍സറിനുള്ള മരുന്നുകള്‍ തയ്യാറാക്കാന്‍ ഞങ്ങളുടെ ആളുകള്‍ പരിശ്രമത്തിലാണ്. ക്ലിനിക്കല്‍ ട്രയലാണ് അടുത്ത നിര്‍ണായക ഘട്ടം. മനുഷ്യനില്‍ ഈ മരുന്നുകള്‍ എങ്ങനെയാണ് ഫലപ്രദമാവുക എന്ന് പരിശോധിക്കണം. ആ പരീക്ഷണം വളരെ അടുത്തിരിക്കുകയാണ്. എഐ അധിഷ്ഠിത മരുന്ന് ഗവേഷണത്തില്‍ ഏറെ ദൂരം മുന്നോട്ടുപോകാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലുമൊരു രോഗം കണ്ടെത്തിയാല്‍ ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അതിനുള്ള മരുന്ന് ഡിസൈന്‍ ചെയ്യപ്പെടുന്ന കാലം വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'- കോളിന്‍ മര്‍ഡോക് പറഞ്ഞു.

പ്രോട്ടീൻ ഘടനകൾ വളരെ കൃത്യതയോടെ പ്രവചിക്കുന്ന ഗൂഗിള്‍ ഡീപ്‌മൈൻഡിന്‍റെ വിപ്ലവകരമായ ആൽഫാഫോൾഡ് എഐ സംവിധാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐസോമോർഫിക് ലാബ്‌സ് പിറന്നത്. ആൽഫാഫോൾഡിന്‍റെ സ്രഷ്ടാക്കളായ ഡീപ്‌മൈന്‍ഡില്‍ നിന്നുള്ള ഡെമിസ് ഹസാബിസും ജോൺ ജമ്പറും ഈ കണ്ടെത്തലിന് 2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം വാഷിംഗ്‌ടണ്‍ സർവകലാശാലയിലെ ഡേവിഡ് ബേക്കര്‍ക്കൊപ്പം പങ്കിട്ടിരുന്നു. 'ആൽഫാഫോൾഡ് എഐ സംവിധാനം ഐസോമോർഫിക് ലാബ്‌സിന് പ്രചോദനകരമായതായും മരുന്ന് ഗവേഷണ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് കാര്യമായ സംഭാവനകള്‍ ചെയ്യാനാകുമെന്ന് ഇത് സൂചിപ്പിക്കുന്നതായും' കോളിന്‍ മര്‍ഡോക് കൂട്ടിച്ചേര്‍ത്തു.

  • Share This Article
Drisya TV | Malayalam News