അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയാന്‍ ഇതോടെ സാദ്ധ്യത തെളിഞ്ഞു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞതും ഒപ്പെക് എണ്ണ ഉത്പാദനം ഉയര്‍ത്തിയതും ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇടിയാന്‍ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ പൊതുമേഖല എണ്ണക്കമ്പനികളുടെ ഉത്പാദന ചെലവ് താഴുന്നതിനാല്‍ ഇന്ധന വില കുറയ്ക്കാന്‍ അനുകൂല സാഹചര്യമാണ്.
ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത വെല്ലുവിളികളിലൂടെ നീങ്ങുമ്പോള്‍ ഇന്ധന വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരണമെന്ന് വ്യവസായ സംഘടനകള്‍ ആവശ്യപ്പെടുന്നു.
റഷ്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ക്രൂഡോയില്‍ ഉപയോഗിച്ച് എണ്ണക്കമ്പനികള്‍ നേട്ടമുണ്ടാക്കുമ്പോഴും രാജ്യത്തെ ചെറുകിട ഉപഭോക്താക്കള്‍ പെട്രോളിനും ഡീസലിനും ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നു. നിലവില്‍ രാജ്യത്തെ മുന്‍നിര റിഫൈനറികള്‍ റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന ക്രൂഡാണ് ഇന്ധന ഉത്പാദനത്തിന് ഉപയോഗിക്കുന്നത്.