Drisya TV | Malayalam News

ഓൺലൈൻ തട്ടിപ്പ്: അഞ്ചുമാസം കൊണ്ട് ഇന്ത്യക്കാർക്ക് നഷ്ടമായത് 7000 കോടി

 Web Desk    16 Jul 2025

ഈ വർഷം ആദ്യത്തെ അഞ്ചുമാസം കൊണ്ട് ഓൺലൈൻ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 7000 കോടി രൂപ. അതായത് ഓരോ മാസവും ആയിരം കോടിയിലേറെ രൂപ. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കാണിത്. ഇതിൽ പകുതിയിലേറെ പണം കൊണ്ടുപോയത് കംബോഡിയ, മ്യാൻമർ, വിയറ്റ്നാം, ലാവോസ്, തായ്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലിരുന്ന് തടിപ്പുകാർ നടത്തില ഓപ്പറേഷനുകളിലൂടെയാണ്.

ചൈനീസ് ഓപ്പറേറ്റർമാർ നിയന്ത്രിക്കുന്ന കടുത്ത സെക്യൂറിറ്റിയുള്ള കേന്ദ്രങ്ങളിലിരുന്നാണ് ഇവരുടെ ഓപ്പറേഷൻ. ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ ഇതുവരെയുള്ള അന്വേഷണങ്ങൾ വിലയിരുത്തിയാണ് ഇത് പറയുന്നത്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തട്ടിപ്പുകാരുടെ ഓപ്പറേഷനിൽ ജനുവരിയിൽ മാത്രം 1192 കോടി രൂപയാണ് നഷ്ടമായത്. ഫെബ്രുവരിയിൽ 951 കോടി, മാർച്ചിൽ 1000 കോടി, ഏപ്രിലിൽ 999 കോടി എന്നിങ്ങനെയാണ് നഷ്ടമായത്. സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആന്റ് മാനേജ്മെന്റ് സിസ്റ്റം കണ്ടെത്തിയതാണിത്. രാജ്യത്ത് റെക്കോഡ് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ നിന്നാണ് ഈ കണക്ക്. എന്നാൽ പരാതികളില്ലാത്ത കേസുകൾ കുടി ചേർത്താൽ ഇതിലും വലുതായിരിക്കും തുക.

അടുത്തകാലത്ത് കംബോഡിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇതു സംബന്ധിച്ച് സന്ദർശിച്ചിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കംബോഡിയയിൽ ഇത്തരം ഓപ്പറേഷനുകൾ നടന്ന മേഖലകളെക്കുറിച്ച് സൂചന നൽകാമെന്ന് ഇവർ അറിയിച്ചിരുന്നതായും പത്രം പറയുന്നു. ഇങ്ങനെ 45 സെന്ററുകൾ ഇവർ കംബോഡിയയിൽ കണ്ടെത്തി. ലാവോസിൽ 5, മ്യാൻമറിൽ ഒന്ന് ഏന്നിങ്ങനെ സെന്ററുകൾ തിരിച്ചറിഞ്ഞു. സ്റ്റോക് ട്രേഡിങ്, ഇൻവെസ്റ്റ്മെന്റ് തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയവയാണ് പ്രധാനമായും ഇവർ നടത്തുന്നത്.

ഞെട്ടിക്കുന്ന കാര്യം ഇത്തരം തട്ടിപ്പുകൾക്ക് സഹായികളായി നമ്മുടെ രാജ്യത്തു നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ്. ഇതിൽ മഹാരാഷ്ട്രയിൽ നിന്ന് 59, തമിഴ്നാട് 51, ജമ്മു കാശ്മീർ 46, ഉത്തർപ്രദേശ് 41, ഡെൽഹി 38 എന്നിങ്ങനെയുള്ള സെന്ററുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അയ്യായിരത്തോളം ഇന്ത്യക്കാരെയാണ് കംബോഡിയയിൽ സൈബർ കുറ്റകൃത്യങ്ങൾ നടത്താനായി എത്തിച്ച് നിർബന്ധിച്ചിട്ടുള്ളതെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇത്തരം ഏജന്റുമാർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News