Drisya TV | Malayalam News

ഒരൊറ്റ ഇമേജിൽ നിന്ന് കിടിലൻ വീഡിയോകൾ ഉണ്ടാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായി ഗുഗിളിന്റെ AI ആപ്പായ ഗൂഗിൾ ജെമിനി

 Web Desk    15 Jul 2025

ഒരൊറ്റ ഇമേജിൽ നിന്ന് കിടിലൻ വീഡിയോകൾ ഉണ്ടാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായി ഗൂഗിളിന്റെ AI ആപ്പായ ഗൂഗിൾ ജെമിനി. ഗൂഗിളിന്റെ തന്നെ Veo 3 ഫീച്ചർ ഉപയോഗിച്ചാണ് ജെമിനിയിൽ AI വീഡിയോകൾ നിർമിക്കുന്നത്. ഇമേജ്-ടു-വീഡിയോ ജനറേഷൻ ഫീച്ചർ ഉപയോഗിച്ചാണ് വീഡിയോ ജനറേറ്റ് ചെയ്യാൻ സാധിക്കുന്നത്.

ആദ്യഘട്ടത്തിൽ എട്ട് സെക്കന്റ് ദൈർഘ്യമുള്ള 3 വീഡിയോകളാണ് ശബ്ദം കൂടി ഉൾപ്പെടുത്തി ഒരുദിവസം നിർമിക്കാൻ സാധിക്കുക. ഗൂഗിൾ എഐ അൾട്രാ, ഗൂഗിൾ എഐ പ്രോ പ്ലാൻ ഉപയോക്താക്കൾക്ക് ആണ് ആദ്യഘട്ടത്തിൽ ഈ ഫീച്ചർ നൽകുന്നത്.

ഫോട്ടോകളിൽ നിന്ന് വീഡിയോ ഉണ്ടാക്കുന്നതിനായി ജെമിനി ആപ്പിലെ പ്രോംപ്റ്റ് ബോക്‌സിലെ ടൂൾബാറിൽ നിന്ന് 'വീഡിയോസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് , ഫോട്ടോ ഗാലറിയിൽ നിന്ന് ഫോട്ടോ തിരഞ്ഞെടുത്ത് വീഡിയോയ്ക്കായി വിശദമായ നിർദ്ദേശങ്ങൾ നൽകുക. ഇതിൽ ഏത് ആനിമേഷനുകളാണ് നൽകേണ്ടത്, ദൃശ്യങ്ങൾ എങ്ങനെയായിരിക്കും, ഓഡിയോ എന്താണ് വേണ്ടത് എന്നൊക്കെ നിർദ്ദേശിക്കാം. തുടർന്ന് ജെമിനി സ്റ്റിൽ ഇമേജുകൾ 'ഡൈനാമിക് വീഡിയോ' ആക്കി മാറ്റുന്നതുവരെ കുറച്ച് മിനിറ്റ് കാത്തിരിക്കുക.

പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ ഡ്രോയിംഗുകളും പെയിന്റിംഗുകളും അടക്കം വീഡിയോ ആക്കി മാറ്റാമെന്നും ഇഷ്ടപ്പെട്ട പ്രകൃതി ദൃശ്യങ്ങൾക്ക് മൂവ്‌മെന്റ് നൽകി വീഡിയോയാക്കി സർഗ്ഗാത്മകത കൈവരിക്കാൻ കഴിയുമെന്നും ഗൂഗിൾ പറഞ്ഞു.വീഡിയോ ജനറേറ്റ് ചെയ്ത് കഴിഞ്ഞാൽ അവിടെ വെച്ച് തന്നെ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ സാധിക്കും, ഇല്ലെങ്കിൽ ഫോണിലേക്ക് സേവ് ചെയ്യാനും സാധിക്കും. നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഗൂഗിളിന്റെ AI ഫിലിം മേക്കിംഗ് ടൂളായ ഫ്‌ലോയിലും ഈ ഫീച്ചർ ലഭ്യമാണ്.

അതേസമയം എല്ലാ AI- ജനറേറ്റഡ് വീഡിയോകളിലും ദൃശ്യമായ ഒരു വാട്ടർമാർക്കും ഒരു അദൃശ്യമായ SynthID ഡിജിറ്റൽ വാട്ടർമാർക്കും ഉണ്ടായിരിക്കും. കൂടുതൽ മെച്ചപ്പെടുത്തലുകൾക്കായി AI വീഡിയോകളിലെ തംബ്സ്-അപ്പ്, ഡൗൺ ബട്ടണുകളിൽ ക്ലിക്കുചെയ്ത് ഉപയോക്താക്കൾക്ക് ഫീഡ്ബാക്ക് നൽകാനും കഴിയും. ലോഞ്ച് ചെയ്തതിന്റെ ആദ്യ ഏഴ് ആഴ്ചകളിൽ ആപ്പിലും ഫ്‌ലോ ടൂളിലും 40 ദശലക്ഷത്തിലധികം Veo 3 വീഡിയോകൾ സൃഷ്ടിച്ചതായി ഗൂഗിൾ വ്യക്തമാക്കിയിരുന്നു.

  • Share This Article
Drisya TV | Malayalam News