യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന 'സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആൿഷൻ കൗൺസിൽ' എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു മധ്യസ്‌ഥ ചർച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളുമായി സൂഫി പണ്ഡിതർ നടത്തിയ മധ്യസ്‌ഥ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയാറായെന്നാണ് സൂചന. ഈ തീരുമാനം സനായിലെ കോടതിയെ അറിയിക്കും. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്.
തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് ഇതിൽ നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ള ഷെയ്ഖ് ഹബീബ് മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് കേരളത്തിൽ വന്നിരുന്നു. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശം അംഗീകരിച്ചാണ് തലാലിന്റെ കുടുംബം ചർച്ചയിൽ പങ്കെടുത്തത്. അതിനൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി, നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷ ഒഴിവാക്കാനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ദയാധനം എത്രയാണെന്നത് വ്യക്തമല്ല.