ഓപ്പൺ എഐ ആഴ്ചകൾക്കുള്ളിൽ സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പൺ എഐയുടെ ബ്രൗസറിന്റെ വരവ്. ചാറ്റ് ജിപിടി എന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ വിപണിക്ക് ഓപ്പൺ എഐ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് ശരിവെക്കും വിധമായിരുന്നു പിന്നീടുള്ള ഓപ്പൺ എഐയുടെ നീക്കങ്ങൾ. ചാറ്റ് ജിപിടിയിൽ നേരത്തെ തന്നെ വെബ്സെർച്ച് ഫീച്ചർ അവതരിപ്പിച്ചിരുന്നു.
സാധാരണ വെബ് ബ്രൗസറുകളും സെർച്ച് എഞ്ചിനുകളും വെബ്പേജുകളിലേക്കുള്ള ഇടനിലക്കാർ മാത്രമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവുകൾ സന്നിവേശിപ്പിച്ചാവും ഓപ്പൺ എഐയുടെ ബ്രൗസർ.
ടിക്കറ്റ് ബുക്ക് ചെയ്യുക, ഫോമുകൾ പൂരിപ്പിക്കുക, വെബ് പേജുകളുടെ സംഗ്രഹം കാണുക തുടങ്ങിയ ജോലികൾ ബ്രൗസർ വിൻഡോയിൽ നിന്ന് പുറത്തുപോവാതെ തന്നെ ആളുകളെ അനുവദിക്കുന്ന ചാറ്റ്ജിപിടി ശൈലിയിലുള്ള ചാറ്റ് ഇന്റർഫെയ്സ് ആയിരിക്കും ഓപ്പൺ എഐ വെബ് ബ്രൗസറിനെന്നാണ് കരുതുന്നത്. സാധാരണ ബ്രൗസറുകളെ പോലെ വിവിധങ്ങളായ ടാബുകൾ തുറക്കേണ്ടതിന്റേയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിന്റേയും ആവശ്യം ഇവിടെ ഇല്ലാതാവും.
ഓപ്പൺസോഴ്സ് കോഡായ ക്രോമിയം അടിസ്ഥാനമാക്കിയാണ് ഓപ്പൺ എഐ ബ്രൗസർ നിർമിക്കുന്നത്. ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഒപ്പെര എന്നിവയെല്ലാം നിർമിച്ചിരിക്കുന്നത് ക്രോമിയത്തിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള വെബ് ബ്രൗസറുകളിൽ ലഭിക്കുന്ന സൈറ്റുകളും, എക്സ്റ്റെൻഷനുകളും ഓപ്പൺ എഐ ബ്രൗസറിലും ഉപയോഗിക്കാനാവും. ഗൂഗിൾ ക്രോം ബ്രൗസറിന് വേണ്ടി പ്രവർത്തിച്ച ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥനും ഓപ്പൺ എഐയുടെ ബ്രൗസർ ടീമിലുണ്ട്.