ആപ്പിൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിനായുള്ള ഡിസ്പ്ലേ നിർമാണം ആരംഭിച്ചതായാണ് ദക്ഷിണകൊറിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ. 2026 ൽ ഫോൺ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. ലോകത്ത് ആദ്യമായി ഫോൾഡബിൾ സ്മാർട്ഫോൺ പുറത്തിറങ്ങി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്ക്രീൻ സ്മാർട്ഫോണിനായുള്ള നീക്കങ്ങൾ ആരംഭിക്കുന്നത്.
മറ്റ് ഐഫോണുകളെ പോലെ തന്നെ സാംസങ് ഡിസ്പ്ലേയ്സാണ് ആപ്പിളിന് വേണ്ടി ഫോൾഡബിൾ സ്ക്രീൻ നിർമിക്കുന്നത്. ഫോൾഡബിൾ ഫോൺ വിപണിയിലെ ആപ്പിളിന്റെ ഏറ്റവും വലിയ എതിരാളിയാണ് സാംസങ് എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും സാംസങിനെ തന്നെയാണ് ഫോൾഡബിൾ സ്ക്രീനിന് വേണ്ടി ആപ്പിൾ കൂട്ടുപിടിച്ചിരിക്കുന്നത്.
അതിനുള്ള പ്രധാനകാരണം ഒഎൽഇഡി സ്ക്രീൻ സാങ്കേതിക വിദ്യയിലും ഫോൾഡബിൾ ഡിസ്പ്ലേ സാങ്കേതിക വിദ്യകളിലും ലോകത്ത് ഏറ്റവും മുൻനിരയിലുള്ള കമ്പനി സാംസങ് ആണ്. ഗാലക്സി സീ സീരീസ് ഫോണുകളിൽ ഉപയോഗിക്കുന്നത് സാംസങിന്റെ തന്നെ ഡിസ്പ്ലേകളാണ്.
ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും ആപ്പിൾ അതിനുള്ള അണിയറ ഒരുക്കങ്ങളിലാണെന്ന് വളരെ മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ട്. 7.58 ഇഞ്ച് ഇന്റേണൽ സ്ക്രീനായിരിക്കും ആപ്പിളിന്റെ ഫോൾഡബിൾ ഫോണിനുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്സി സീ ഫോൾഡ് സീരീസുമായി മത്സരിക്കും വിധമായിരിക്കും ഇതിന്റെ നിർമിതി.
ഫോൾഡബിൾ സ്മാർട്ഫോൺ വിപണി ആരംഭിച്ചിട്ട് അര ദശാബ്ദത്തിലേറെയായെങ്കിലും സ്മാർട്ഫോൺ വിപണിയിൽ വെറും രണ്ട് ശതമാനം മാത്രമാണ് ഫോൾഡബിളുകളുടെ സാന്നിധ്യം. ആൻഡ്രോയിഡ് ഉപകരണ നിർമാതാക്കൾ പലരും ഇതിനകം സ്വന്തം സ്മാർട്ഫോണുകൾ രംഗത്തിറക്കിക്കഴിഞ്ഞു. ആഗോള തലത്തിൽ ചൈനയാണ് ഫോൾഡബിൾ സ്മാർട്ഫോണുകളുടെ ഏറ്റവും വലിയ വിപണി. മുൻനിര ചൈനീസ് ബ്രാൻഡുകളെല്ലാം ഈ മത്സരത്തിൽ സജീവമാണ്.