Drisya TV | Malayalam News

2045 ആവുമ്പോഴേക്കും മനുഷ്യർ ചെയ്തുവരുന്ന ഭൂരിഭാഗം തൊഴിലുകളും AI കയ്യടക്കുമെന്ന് ഗവേഷകൻ

 Web Desk    13 Jul 2025

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് തൊഴിലുകളുടെ ഭാവിയെ കുറിച്ച് ഞെട്ടിക്കുന്ന പ്രവചനങ്ങൾ നടത്തിയിരിക്കുകയാണ് സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനമായ റീതിങ്ക്സിന്റെ റിസർച്ച് ഡയറക്ടറായ ആഡം ഡോർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും റോബോട്ടിക്സിന്റേയും അതിവേഗ വളർച്ചയുടെ ഫലമായി 2045 ആവുമ്പോഴേക്കും മനുഷ്യർ ചെയ്തുവരുന്ന ഭൂരിഭാഗം തൊഴിലുകളും ഇല്ലാതാവുമെന്ന് ഡോർ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മനുഷ്യരേക്കാൾ കാര്യക്ഷമമായും കുറഞ്ഞ ചെലവിലും ജോലികൾ ചെയ്യാനാകുംവിധം യന്ത്രങ്ങൾ അതിവേഗം പരിണമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സാങ്കേതികവിദ്യാ പരിവർത്തനം സാവധാനം സംഭവിക്കുന്ന ഒന്നായിരിക്കില്ലെന്നും ദ്രുതഗതിയിലുള്ളതും പെട്ടെന്നുള്ളതുമായ മാറ്റമായിരിക്കുമെന്നും ഡോർ പറഞ്ഞു. ചരിത്രത്തിലെ 1500 ഓളം സാങ്കേതികവിദ്യാ പരിവർത്തനങ്ങൾ പരിശോധിക്കുമ്പോൾ, ഒരിക്കൽ ഒരു പുതിയ സാങ്കേതികവിദ്യ കാലുറപ്പിച്ചാൽ, അത് 15 മുതൽ 20 വർഷങ്ങൾക്കുള്ളിൽ നിലവിലുള്ള എല്ലാ സംവിധാനങ്ങൾക്കും പകരമായി മാറ്റി സ്ഥാപിക്കപ്പെടുമെന്ന് അദ്ദേഹം പറയുന്നു.

വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള പതിവ് ജോലികളും പ്രവചിക്കാനാവുന്ന ആവർത്തിച്ചുള്ള ജോലികളുമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭീഷണി ഏറ്റവും അധികം നേരിടുന്നത്. ഇക്കൂട്ടത്തിൽ ആഗോളതലത്തിൽ ദശലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന വൈറ്റ് കോളർ ജോലികളെല്ലാം ഉൾപ്പെടുന്നുവെന്നും ഡോർ പറഞ്ഞു. എഐ സംവിധാനങ്ങൾ കൂടുതൽ ചെലവ് കുറയുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നതോടെ അതിന് മനുഷ്യരേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാവുമെന്നും എല്ലാ മേഖലയിലും ആശ്രയിക്കാനാവുമെന്നും ഡോർ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടുന്ന ചില പ്രവർത്തന മേഖലകൾ ഉണ്ടെന്നും ഡോർ ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ വൈകാരിക ബുദ്ധിയും ധാർമികതയും ആവശ്യമായതും മനുഷ്യരുടെ വിശ്വാസ്യത ആവശ്യവുമായ ജോലികളുമാണ് അക്കൂട്ടത്തിലുള്ളത്. രാഷ്ട്രീയം, ലൈംഗികതൊഴിൽ, തത്വജ്ഞാനം തുടങ്ങിയ മേഖലകൾ അതിൽ പെടും.ഈ പ്രശ്നം നേരിടാൻ പുതിയ സാമ്പത്തിക മാതൃകകൾ സൃഷ്ടിക്കപ്പെടണമെന്നും ഡോർ മുന്നറിയിപ്പ് നൽകി.

  • Share This Article
Drisya TV | Malayalam News