ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യന്‍ ദേശീയ ബഹിരാകാശ പ്രൊമോഷന്‍ ഓതറൈസേഷന്‍ സെന്ററിന്റെ (ഐഎന്‍-സ്‌പേസ്) അനുമതി ലഭിച്ചു. ഇതോടെ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങി. വൈകാതെ രാജ്യത്ത് സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമായി തുടങ്ങും.കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് സ്റ്റാര്‍ലിങ്ക് ചെയ്യുക. 2030 ജൂലൈ 7 വരെയാണ് നിലവില്‍ ഐഎന്‍-സ്‌പേസ് സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കിയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ ലൈസന്‍സ് സ്റ്റാര്‍ലിങ്കിന് ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് യൂടെല്‍സാറ്റ് വണ്‍വെബ്ബിനും റിലയന്‍സ് ജിയോക്കും ശേഷം അനുമതി ലഭിക്കുന്നത് സ്റ്റാര്‍ലിങ്കിനാണ്.
സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ സാധാരണ ഇന്റര്‍നെറ്റ് സേവനങ്ങളേക്കാള്‍ ചെലവേറിയതാണ്. അതുകൊണ്ടുതന്നെ സബ്‌സ്‌ക്രിപ്ഷനും ചെലവേറിയതാകാന്‍ സാധ്യതയുണ്ട്.ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഭൂമിയുടെ വളരെ അടുത്തുള്ള ഭ്രമണപഥത്തില്‍ വിന്യസിച്ചിരിക്കുന്ന ചെറു ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് സിഗ്‌നലുകള്‍ കൈമാറുന്നത്. ഉപഗ്രഹങ്ങള്‍ ഭൂമിക്ക് അടുത്തായതുകൊണ്ട് സിഗ്‌നല്‍ യാത്ര ചെയ്യാനുള്ള ദൂരം കുറയുകയും, അതുവഴി വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുകയും ചെയ്യും.
ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്കുകള്‍ വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കും. ഉപഗ്രഹങ്ങള്‍ ഈ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്ന് ഇന്റര്‍നെറ്റ് സിഗ്‌നലുകള്‍ സ്വീകരിക്കുകയും ഉപയോക്താക്കളിലേക്ക് കൈമാറുകയും ചെയ്യും. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സ്റ്റാര്‍ലിങ്ക് കിറ്റ് ലഭിക്കും. പ്രകൃതിദുരന്ത സാഹചര്യങ്ങളില്‍ പോലും തടസമില്ലാതെ സേവനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ വാദം.