Drisya TV | Malayalam News

ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ

 Web Desk    11 Jul 2025

ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്നു.

നിലവിൽ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്ത ഉടൻ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള്‍ പരീക്ഷിച്ചുതുടങ്ങി റിപ്പോർട്ടുകൾ. ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഈ ആപ്പിന്‍റെ പ്രവർത്തനം. സമീപത്തുള്ള സ്മാർട്ട്‌ഫോണുകളെ എൻക്രിപ്റ്റ് ചെയ്‌ത സന്ദേശങ്ങൾ പരസ്‌പരം കൈമാറുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുത്താൻ ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ അനുവദിക്കുന്നു. വാട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള നിലവിലുള്ള ചാറ്റിംഗ് ആപ്പുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. ഇന്‍റർനെറ്റ്, മൊബൈൽ നമ്പർ, അക്കൗണ്ട് ഇല്ലാതെ പോലും ഈ ആപ്പ് പ്രവർത്തിക്കുന്നു.

ബിറ്റ്ചാറ്റ് പൂർണ്ണമായും ഒരു പിയർ-ടു-പിയർ (P2P) ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശമയയ്ക്കൽ ആപ്പാണ്. ഇതിന് സെർവറുകളോ ക്ലൗഡ് സ്റ്റോറേജോ സെൻസർഷിപ്പോ ഇല്ല എന്നതാണ് ഇതിന്‍റെ ഏറ്രവും വലിയ പ്രത്യേകത. ഇന്‍റർനെറ്റ് കണക്ഷനോ നെറ്റ്‌വർക്ക് കവറേജോ ഇല്ലാതെ തന്നെ ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കുന്നു. iOS-ന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാം വഴി ഇത് നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്. 

ബിറ്റ്ചാറ്റ് വൈ-ഫൈയോ മൊബൈൽ ഡാറ്റയോ ഉപയോഗിക്കുന്നില്ല. ഇത് ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ സമീപത്തുള്ള ബിറ്റ്ചാറ്റ് ഉപയോക്താക്കൾ പരസ്‍പരം കണക്റ്റുചെയ്യുകയും സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുകയും ചെയ്യുന്നു. ബിറ്റ്ചാറ്റ് ഇൻസ്റ്റാൾ ചെയ്ത ഒരാളുടെ അടുത്താണ് നിങ്ങൾ എങ്കിൽ, ആ ഉപകരണം വഴി നിങ്ങളുടെ സന്ദേശം അടുത്ത ഉപയോക്താവിലേക്ക് എത്താൻ കഴിയും. അതായത് പ്രകൃതി ദുരന്തങ്ങൾ, ഇന്‍റർനെറ്റ് തടസ്സങ്ങൾ അല്ലെങ്കിൽ സെൻസർഷിപ്പ് ഉള്ള പ്രദേശങ്ങളിൽ പോലും വളരെ ഉപയോഗപ്രദമാകുന്ന തികച്ചും പുതിയൊരു സന്ദേശമയയ്ക്കൽ മാർഗമാണിത്.

നിലവിൽ, ബിറ്റ്‌ചാറ്റിന്‍റെ പരിധി പരിമിതമാണ്. ഇത് iOS-ൽ ബീറ്റയിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ വാട്‌സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാൻ ഇതിന് കഴിഞ്ഞിട്ടില്ല.

  • Share This Article
Drisya TV | Malayalam News