അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 51 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ പറഞ്ഞു. വേനൽക്കാല ക്യാംപിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായി. ഇവരിൽ മിക്കവരും 12 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ചെളിയിൽ മുങ്ങിയ നിലയിലാണ് ക്യാംപ്.
ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കു വേണ്ടി 1926 മുതൽ നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാംപിലെ കുട്ടികളെയാണു കാണാതായത്. നദീതീരത്ത് ഇവർക്കു താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.
കുട്ടികളുടെ മരണം ചില രക്ഷിതാക്കൾ സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചു. പ്രളയത്തിൽപ്പെട്ട 850 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും മിന്നൽ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. പ്രാദേശിക അധികൃതരുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തിരച്ചിലിന് കോസ്റ്റ് ഗാർഡിനെ വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിൽ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂർ കൊണ്ട് 6.7 മീറ്റർ വരെ കുതിച്ചുയർന്നു. കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നൽപ്രളയം. പ്രളയ സമയത്ത് പലരും ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 3 മണിക്കൂർ കൊണ്ടു സൗത്ത് സെൻട്രൽ ടെക്സസിൽ പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ്. ടെക്സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്.