റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള യുഎസ് ജനപ്രതിനിധി സഭയിൽ ബിൽ പാസായതോടെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.കുടിയേറ്റ വിരുദ്ധ നടപടികൾക്ക് വൻതുക വകയിരുത്തുന്ന ബില്ലാണിത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതാണ് ഈ നിയമം എന്ന് ട്രംപ് പറഞ്ഞു. രണ്ടാം തവണ അധികാരമേറ്റതിന് പിന്നാലെ ട്രംപ് നടത്തുന്ന പ്രധാന നിയമനിർമാണമെന്നാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ അറിയപ്പെടുന്നത്.
214 നെതിരെ 218 വോട്ടുകൾക്കാണ് സഭയിൽ ബിൽ പാസ്സായത്. യുഎസിൻ്റെ സ്വാതന്ത്ര്യദിനമായ ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന ആഘോഷത്തിലാണ് 'വൺ, ബിഗ്, ബ്യൂട്ടിഫുൾ ബില്ലിൽ' ട്രംപ് ഒപ്പുവച്ചത്. നികുതിയിളവുകൾ, സൈനിക - കുടിയേറ്റ നിയമനടത്തിപ്പ് ചിലവുകൾക്കുള്ള വർധനവ് എന്നിവ ഉൾപ്പെടുന്നു. രാജ്യത്ത് ഇത്രയും സന്തുഷ്ടരായ ആളുകളെ താൻ മുമ്പ് കണ്ടിട്ടില്ലെന്ന് ഒപ്പുവെക്കൽ ചടങ്ങിൽ ട്രംപ് പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അടുത്തിടെ യുഎസ് നടത്തിയ ആക്രമണങ്ങളിൽ പങ്കെടുത്ത സ്റ്റെൽത്ത് ബോംബറുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ള സൈനിക ഫ്ലൈഓവറുകൾ ഉൾപ്പെടുന്ന ജൂലൈ 4 ന് നടന്ന ഉത്സവ ആഘോഷ വേളയിലാണ് സൗത്ത് ലോണിൽ ഒപ്പുവയ്ക്കൽ നടന്നത്. ട്രംപ് അനുകൂലികൾ, കോൺഗ്രസ് സഖ്യകക്ഷികൾ, സൈനിക കുടുംബങ്ങൾ, വൈറ്റ് ഹൗസ് ജീവനക്കാർ എന്നിവരുൾപ്പെടെ നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു.