തങ്ങളുടെ ആൻഡ്രോയിഡ് ബീറ്റാ ടെസ്റ്റർമാർക്കായി ആപ്പിൽ നിന്ന് നേരിട്ട് ഡോക്യുമെൻ്റുകൾ സ്‌കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായിരുന്നു. ഇനി, ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും ചിത്രങ്ങളെ പിഡിഎഫ് ഫോർമാറ്റിൽ ഡോക്യുമെന്റുകളാക്കി മാറ്റാനും മറ്റ് കോൺടാക്റ്റുകളുമായി പങ്കിടാനും മൂന്നാം കക്ഷി ഡോക്യുമെൻ്റ് സ്‌കാനറുകളെ ആശ്രയിക്കേണ്ടി വരില്ല. ഒന്നിലധികം ആപ്പുകൾക്കിടയിൽ മാറേണ്ട ബുദ്ധിമുട്ട് കുറച്ച്, ഡോക്യുമെൻ്റുകൾ തടസ്സമില്ലാതെ സ്കാൻ ചെയ്യാനും, പരിവർത്തനം ചെയ്യാനും, പിഡിഎഫ് ഫോർമാറ്റിൽ പങ്കിടാനും ഉപയോക്താക്കളെ ഈ ഫീച്ചർ സഹായിക്കുന്നു.
ഏറ്റവും പുതിയ അപ്ഡേറ്റിന് ശേഷം, അറ്റാച്ച്മെന്റ് മെനുവിലെ നിലവിലുള്ള 'Browse Documents', 'Choose from gallery' ഓപ്ഷനുകൾക്കൊപ്പം ഒരു പുതിയ 'Scan Document' ഓപ്ഷൻ കൂടി ഇപ്പോൾ ദൃശ്യമാകും. ഈ പുതിയ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ ക്യാമറ തുറക്കുകയും ഡോക്യുമെന്റ് ഷെയറിംഗിനായി ചിത്രങ്ങൾ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
സ്കാനിംഗിൽ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭ്യമാണ്. മാനുവൽ ഓപ്ഷനിൽ, ഡോക്യുമെൻ്റ് സാൻ ചെയ്യുന്നതിനായി തിരഞ്ഞെടുക്കേണ്ട ഭാഗങ്ങൾ ഉപയോക്താക്കൾക്ക് നിയന്ത്രിക്കാൻ കഴിയും, അതേസമയം ഓട്ടോമാറ്റിക് മോഡിൽ, വാട്ട്സ്ആപ്പ് ഡോക്യുമെന്റിന്റെ അരികുകൾ കണ്ടെത്തുകയും തൽക്ഷണ ഡോക്യുമെന്റ് ഷെയറിംഗ് അനുഭവം നൽകുകയും ചെയ്യുന്നു.