യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്‌ദുൾ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം വിധിച്ചത്. ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, 9-ാം പ്രതി മനോഹർ, 10-ാം പ്രതി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്.2016 ഫെബ്രുവരി എട്ടിനാണ് അന്വേഷണത്തെയും സി.പി.എമ്മിനെയും നിശിതമായി വിമർശിച്ചുള്ള ഉത്തരവിലൂടെ തുടരന്വേഷണം സി.ബി.ഐ.ക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസായതുകൊണ്ടുതന്നെ പ്രതികൾക്ക് വധശിക്ഷ നൽകണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.കേസിൽ രണ്ടാംപ്രതി ഗണേശിനെ നേരത്തെ വെറുതെവിട്ടിരുന്നു. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇവർക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.