Drisya TV | Malayalam News

കേരളത്തിന് വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാനാവില്ലെന്നു കേന്ദ്രം 

 Web Desk    19 Nov 2026

കേരളത്തിന് വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 2025ലും 2026 മാര്‍ച്ചിലും അനുവദിച്ച 4,068 കിലോലിറ്റര്‍ മണ്ണെണ്ണ പൂര്‍ണമായി കേരളം ഏറ്റെടുക്കാത്തതാണ് വിഹിതം വെട്ടിക്കുറക്കാന്‍ കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി മന്ത്രി അനൂപ് ജേക്കബ് ഡല്‍ഹിയിലെ കര്‍ത്തവ്യഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ അറിയിപ്പില്ലാതെ 2026 ഏപ്രില്‍ മുതല്‍ കേരളത്തിന്റെ ത്രൈമാസ മണ്ണെണ്ണ വിഹിതം 5,676 കിലോലിറ്ററില്‍നിന്ന് 4,068 കിലോലിറ്ററായി കേന്ദ്രം കുറച്ചിരുന്നു. അനുവദിച്ച മുഴുവന്‍ മണ്ണെണ്ണയും ഏറ്റെടുക്കാതിരുന്നതിന്റെ കാരണം മുന്‍ സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇതേത്തുടര്‍ന്നാണ് 2025-26 മുതല്‍ സബ്‌സിഡിയില്ലാത്ത വിഭാഗങ്ങള്‍ക്കുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം നിര്‍ത്തലാക്കിയത്. വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നു. മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനം വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ ഒറ്റത്തവണയായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഉറപ്പുനല്‍കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കേരളം ഒരു പാദത്തില്‍ 5,496 കിലോലിറ്റര്‍ അധിക മണ്ണെണ്ണ വിഹിതമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ വിഹിതം ഉപയോഗിച്ച് ഏകദേശം 95.5 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പാദത്തിലും അര ലിറ്റര്‍ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. ഇത് ഒരു ലിറ്ററായി ഉയര്‍ത്തുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.

  • Share This Article
Drisya TV | Malayalam News