ഇറാനെതിരെ വീണ്ടും ആക്രമണം വ്യാപിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കാനുള്ള സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ ഇസ്രയേൽ സമ്മർദം ചെലുത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനുപിന്നാലെയാണ് പുതിയ നീക്കം.
അതേസമയം, ഇറാനും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും തങ്ങൾക്കെതിരെ പ്രകോപനപരമായ നടപടികളിലേക്ക് കടന്നില്ലെങ്കിൽ ഇറാനെതിരെയുള്ള ആക്രമണങ്ങളിൽനിന്ന് പിന്തിരിയാമെന്ന് ട്രംപ് മുതിർന്ന ഉപദേഷ്‌ടാക്കളോട് സൂചിപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ സംഘർഷത്തിന്റെ കാര്യത്തിൽ ട്രംപ് പരസ്‌പരവിരുദ്ധമായ സൂചനകളാണ് നൽകുന്നത്. പുതിയ ആക്രമണങ്ങളിലൂടെ സൈനിക നടപടികൾ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനൊപ്പം സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്.
അതിനിടെ, ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.യുദ്ധം ഉടൻ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നും എന്നാൽ യുഎസ് സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് നയതന്ത്രപരമായ രീതിയിൽ മുന്നോട്ടുപോകുകയാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു.