ഇന്ത്യയിൽ നിന്ന് വാങ്ങിയതും ഭാവിയിൽ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതുമായ ബ്രഹ്മോസ് മിസൈൽ ബാറ്ററികൾക്ക് സംരക്ഷണമൊരുക്കുന്നതിനായി ഇന്ത്യയുടെ 'ആകാശ്' വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാൻ ഫിലിപ്പീൻസ്. ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ പ്രതിരോധ ഉപകരണങ്ങളുടെ പ്രാദേശിക ഉൽപ്പാദനം, റോക്കറ്റ് സിസ്റ്റങ്ങൾ, ബഹിരാകാശ സഹകരണം എന്നിവയിലും ചർച്ചകൾ പുരോഗമിക്കുകയാണ്. തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്കും ബ്രഹ്മോസ് തീരദേശ മിസൈൽ ബാറ്ററികൾക്കും സുരക്ഷയൊരുക്കാനാണ് ആകാശ് മിസൈൽ സംവിധാനം വാങ്ങാൻ ഫിലിപ്പീൻസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിരോധ സെക്രട്ടറി ഗിൽബർട്ടോ തിയോഡോറോ ജൂനിയർ ഇന്ത്യയുമായി ചർച്ച നടത്തുന്നുണ്ട്.
2022 ജനുവരിയിൽ 37.5 കോടി ഡോളറിന് 3 ബ്രഹ്മോസ് ആന്റി-ഷിപ്പ് ബാറ്ററികൾ വാങ്ങാൻ ഫിലിപ്പീൻസ് കരാറൊപ്പിട്ടിരുന്നു. കരാർ പ്രകാരമുള്ള അവസാന മിസൈൽ ബാറ്ററിയും ഇന്ത്യ കൈമാറിയിരുന്നു. അടുത്ത ഘട്ടമായി 70 കോടി മുതൽ 80 കോടി ഡോളർ വരെ മൂല്യം വരുന്ന 5 ബാറ്ററികളും 60-ഓളം മിസൈലുകളും കൂടി വാങ്ങാൻ ഫിലിപ്പീൻസ് നടപടികൾ തുടങ്ങിയിട്ടുണ്ട്. റെയിൽവേ ശൃംഖലയില്ലാത്തതും റോഡുകളും പാലങ്ങളും ദുർബലവുമായ ഫിലിപ്പീൻസ് ദ്വീപ് സമൂഹങ്ങളിലൂടെ മിസൈൽ ലോഞ്ചറുകളും അനുബന്ധ ഉപകരണങ്ങളും എളുപ്പത്തിൽ കൊണ്ടുപോകുന്നതിനായി സാങ്കേതികവിദ്യയിൽ മാറ്റങ്ങൾ വരുത്താൻ ഫിലിപ്പീൻസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫിലിപ്പീൻസിനുള്ളിൽ വെച്ച് തന്നെ സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉൽപ്പാദനത്തിനും പ്രാദേശിക നിർമ്മാണത്തിനും ഇന്ത്യൻ കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിൽ നിർമ്മിച്ച മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങൾ സ്വന്തമാക്കുന്നതും, ഫിലിപ്പീൻസ് സ്പേസ് ഏജൻസിയുമായി ചേർന്ന് ഉപഗ്രഹ വികസനവും പരിശോധനയും നടത്തുന്നതും ചർച്ചകളിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ബ്രഹ്മോസ് വാങ്ങൽ കൂടുതൽ അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ സ്വന്തമാക്കാൻ വഴിതുറന്നുവെന്നും ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കാൻ സഹായിച്ചുവെന്നും ഇന്ത്യയിലെ ഫിലിപ്പീൻസ് അംബാസഡർ ജോസെൽ എഫ്. ഇഗ്‌നാഷ്യോ വ്യക്തമാക്കി.