Drisya TV | Malayalam News

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയ്ക്കെതിരേ പരാതിയുമായി ഐസ് ഹോക്കി അസോസിയേഷൻ 

 Web Desk    14 Nov 2026

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയ്ക്കെതിരേ പരാതിയുമായി ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാഗം രംഗത്ത്. ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷയെ, ഐസ് ഹോക്കി അസോസിയേഷൻ കൗൺസിലിലേക്ക് നാമനിർദേശം ചെയ്‌തിരുന്നു. എന്നാൽ, ഉഷയ്ക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും അതുകൊണ്ട് നോമിനേഷൻ തള്ളണമെന്നുമാണ് ഐസ് ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റെന്ന് അവകാശപ്പെടുന്ന അജിത് കാക്കർ ഇലക്ടറൽ ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്.

ഐ.ഒ.എ. ഭരണഘടനയനുസരിച്ച് കായികസംഘടനകൾ നാമനിർദേശം ചെയ്യുന്ന അംഗങ്ങൾ അതത് സംഘടനകളിൽ അംഗമായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്‌ചയാണ് നാമനിർദേശങ്ങളുടെ സൂക്ഷ്മപരിശോധന. അതോടൊപ്പം പരാതിയും പരിഗണിച്ചേക്കും. പി.ടി. ഉഷയ്ക്കെതിരേ നാല് പരാതികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. പരാതി നൽകിയവരുമായി സംസാരിക്കുകയും ശേഷം വരണാധികാരി വിഷയത്തിൽ തീർപ്പുണ്ടാക്കുകയും ചെയ്യും. പി.ടി ഉഷയെ സംബന്ധിച്ച് നിർണായകമാണിത്.

തിരഞ്ഞെടുപ്പിൽ തോൽവിനേരിട്ടതോടെ ഐ.ഒ.എ. കൗൺസിലിൽ തിരിച്ചെത്താനുള്ള ഉഷയുടെ സാധ്യത അടഞ്ഞതായാണ് വിലയിരുത്തപ്പെട്ടത്. തിരിച്ചെത്താൻ ഉഷയെ ഏതെങ്കിലും സ്പോർട്സ് ഫെഡറേഷനുകൾ നോമിനേറ്റ് ചെയ്യണമായിരുന്നു. മുൻ അത്ലറ്റ് എന്നനിലയിൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന് ഉഷയെ നാമനിർദേശം ചെയ്യാമായിരുന്നു. എന്നാൽ, എ.എഫ്.ഐ. തങ്ങളുടെ വനിതാ പ്രതിനിധിയായി ബംഗാളി താരം ജ്യോതിർമയി സിക്തറിനെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ ഉഷയുടെ സാധ്യത അടഞ്ഞെന്നുറപ്പിക്കവേയാണ് ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി ഉഷ സ്ഥാനംപിടിച്ചത്.

  • Share This Article
Drisya TV | Malayalam News