കാനായി കുഞ്ഞിരാമന്റെ ശിൽപങ്ങളുടെ അനാച്ഛാദനത്തിൽ പങ്കെടുക്കാത്തത് ആശയവിനിമയത്തിലെ അപാകത കാരണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അവസാനനിമിഷം വരെയും സംഘാടകരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. അവസാന നിമിഷവും ബന്ധപ്പെടാൻ ശ്രമിച്ച ശേഷം കാസർകോട്ടേക്കുള്ള ട്രെയിൻ ടിക്കറ്റ് വ്യാഴാഴ്ച രാത്രി 9.32നാണ് റദ്ദാക്കിയതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
‘‘ഞാൻ കാസർകോട്ടേക്ക് പേകാൻ തീരുമാനിച്ചിരുന്നു. ഇന്നലെ രാവിലെ കാസർകോട്ട് ചെന്ന് അത് കഴിഞ്ഞ് വൈകിട്ട് 4 മണിയ്ക്ക് കണ്ണൂരിലെ യോഗത്തിൽ പങ്കെടുത്ത് 5.30ന് വടകരയിലെ യോഗത്തിലും പോയി തിരികെ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഈ പ്രോഗ്രാം ഷെഡ്യൂൾ അനുസരിച്ച് ടിക്കറ്റും ബുക്ക് ചെയ്തു. കാസർകോട്ടേക്ക് പോകാനുള്ള കമ്യൂണിക്കേഷൻ കൃത്യമായി ലഭിക്കാത്തതിനാൽ ഞാനാകെ കൺഫ്യൂഷനിലായി. ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് ഞാൻ കാസർകോട്ടേക്കുള്ള പരിപാടി റദ്ദാക്കി കണ്ണൂരിലും വടകരയിലും പോയത്.
എന്റെ ടൂർ ഡയറി നോക്കിയാൽ ഇതെല്ലാം മനസിലാകും. ഞാനെടുത്ത ടിക്കറ്റ് നിങ്ങൾക്ക് റെയിൽവേയിൽ അന്വേഷിച്ച് ക്രോസ് ചെക്ക് ചെയ്യാം. ഒരു വിവരവും കിട്ടാതെ വന്നതോടെയാണ് ഞാൻ കണ്ണൂരിലേക്ക് പോകാൻ ഇന്നലെ രാവിലത്തെ വന്ദേഭാരതിൽ ടിക്കറ്റെടുത്തത്. ബന്ധപ്പെട്ട ആളുകളെ വിളിക്കാൻ വ്യാഴാഴ്ച രാത്രി ഒത്തിരി ശ്രമം നടത്തിയിരുന്നു. പോകണമെന്നുള്ളത് എന്റെ ആഗ്രഹവും മോഹവുമായിരുന്നു. അത് രണ്ടും ഇല്ലാതായി. ഞാൻ അങ്ങോട്ട് വിളിച്ച ആളുകളുടെ നമ്പറൊക്കെ എന്റെ മൊബൈലിലുണ്ട്, പക്ഷേ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലല്ലോ’’ – തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.