ഇന്ത്യൻ വംശജയായ മുൻ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് ന്യൂയോർക്കിലെ വെറ്ററൻസ് ഡേ പരേഡിൽ ഗ്രാൻഡ് മാർഷൽ പദവി നൽകി ആദരിച്ചു. സൈനിക സേവനം അനുഷ്ഠിച്ചവരെ ആദരിക്കുന്ന പരേഡിൽ 20,000ത്തോളം പേർ പങ്കെടുത്തു. ബുധനാഴ്ച മാൻഹട്ടനിലെ പ്രശസ്തമായ ഫിഫ്ത്ത് അവന്യൂവിലൂടെയായിരുന്നു പരേഡ്.
മുൻ നേവി ക്യാപ്റ്റൻ കൂടിയായ സുനിത വില്യംസ് ഈ അംഗീകാരം വലിയ ബഹുമതിയാണെന്ന് പ്രതികരിച്ചു. നേവിയിലെ സേവനകാലമാണ് തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതെന്നും തുടർന്നുവന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്തയാക്കിയതെന്നും അവർ പറഞ്ഞു. വിവിധ തലമുറകളിലെ സൈനികരുടെ സേവനത്തെയും ത്യാഗത്തെയും ആദരിക്കുന്നതിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
107-ാമത് വാർഷിക പരേഡിൽ മുൻ സൈനികർക്കൊപ്പം വിവിധ സായുധസേനാ വിഭാഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ, സാമൂഹിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഗീതസംഘങ്ങൾ എന്നിവയും പങ്കെടുത്തു. മുൻ സൈനികരെ ആദരിക്കുന്ന പ്രത്യേക ഫ്ലോട്ടുകളുമായി വിവിധ കമ്പനികളും പരേഡിന്റെ ഭാഗമായി.
നേവിയിൽ ടെസ്റ്റ് പൈലറ്റായി സേവനം അനുഷ്ഠിച്ച ശേഷമാണ് സുനിത വില്യംസ് നാസയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായത്. മൂന്ന് ബഹിരാകാശ ദൗത്യങ്ങളിലായി ആകെ 608 ദിവസം അവർ ഭ്രമണപഥത്തിൽ ചെലവഴിച്ചിട്ടുണ്ട്. ഒരു വനിതയുടെ പേരിലുള്ള ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തങ്ങളുടെ റെക്കോർഡും അവർ സ്വന്തമാക്കിയിരുന്നു. ഒൻപത് തവണയായി 62 മണിക്കൂറാണ് ബഹിരാകാശത്ത് നടന്നത്.
കഴിഞ്ഞ വർഷം ബോയിങ് സ്റ്റാർലൈനറിന്റെ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി എട്ട് ദിവസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസിന് പേടകത്തിലെ സാങ്കേതിക തകരാറുകളെത്തുടർന്ന് ഒൻപത് മാസത്തോളം അവിടെ തുടരേണ്ടിവന്നു. ഒടുവിൽ സ്പേസ് എക്സിന്റെ ക്രൂ-9 ദൗത്യത്തിലൂടെയാണ് സഹയാത്രികനായ ബുച്ച് വിൽമോറിനൊപ്പം ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.