Drisya TV | Malayalam News

വെടിനിർത്തൽ നീക്കങ്ങളിൽ ഇന്ത്യയുടെ സഹായം തേടി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി 

 Web Desk    10 Nov 2026

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ നീക്കങ്ങളിൽ ഇന്ത്യയുടെ സഹായം തേടി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. അബുദാബിയിൽ റഷ്യ, യുക്രൈൻ, അമേരിക്ക എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ത്രികക്ഷി സമാധാന ചർച്ചകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സെലൻസ്കി തിങ്കളാഴ്ച ഫോണിൽ സംസാരിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. സമാധാനപരമായ പരിഹാരത്തിനായി സാധ്യമായ എല്ലാ രീതിയിലും പ്രവർത്തിക്കുമെന്ന് മോദി സെലൻസ്കിയോട് പറഞ്ഞു.

റഷ്യയും യുക്രൈനും അമേരിക്കയും പങ്കെടുക്കുന്ന സമാധാന ചർച്ചകൾക്ക് ഒരു ദിവസം മുമ്പായിരുന്നു ഇരുനേതാക്കളുടെയും സംഭാഷണം. ഇതിനിടെ യുക്രൈനിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ വീണ്ടും ആക്രമണം നടത്തിയിരുന്നു. സമാധാന ചർച്ചകളിൽ ഇന്ത്യ അടുത്തിടെ മുന്നോട്ടുവെച്ച നിർദേശങ്ങളും ചർച്ചയായേക്കും. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇന്ത്യ ഇരുരാജ്യങ്ങളുമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി സംസാരിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി അടുത്തിടെ നടത്തിയ സംഭാഷണത്തിൽ മോദി മുന്നോട്ടുവെച്ച സമാധാന സന്ദേശം സെലൻസ്കി ഓർമിപ്പിച്ചു. 'അനന്തമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിത്' എന്നായിരുന്നു പുതിനോടുള്ള മോദിയുടെ സന്ദേശം. വെടിനിർത്തലിനായി ഇന്ത്യ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷയും ഊർജസുരക്ഷയും ഉറപ്പാക്കാൻ സഹായിക്കുന്ന വെടിനിർത്തലാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുവരും തമ്മിലുള്ള സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. യുക്രൈനുമായുള്ള ഉഭയകക്ഷി സഹകരണം വിലയിരുത്തിയതായും ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. യുദ്ധത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികൾ, അതുണ്ടാക്കുന്ന മാനുഷിക പ്രത്യാഘാതങ്ങൾ, സമാധാനം പുനഃസ്ഥാപിക്കാനുള്ള വിവിധ ശ്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിന് സെലൻസ്കിയോട് നന്ദി പറഞ്ഞതായും മോദി വ്യക്തമാക്കി.സമാധാനത്തിനായി ഇടപെടാൻ ഇന്ത്യ തയ്യാറാണെന്ന് മോദി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയുമായി നടത്തിയ ചർച്ചകളിൽ യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണെന്ന് മോദി ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുണ്ടെന്ന് സെലൻസ്കി എക്സിൽ കുറിച്ചു. പുതിനോടും മോദി നേരിട്ട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് സ്വീകരിക്കാവുന്ന നടപടികൾ കണ്ടെത്തണമെന്നും മറ്റ് ലോകനേതാക്കളുമായി നടത്തുന്ന ചർച്ചകളിലൂടെയും സമാധാനശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് സമാധാനശ്രമങ്ങളുടെ പ്രധാന ഭാഗമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരിങ്കടൽ വഴി ധാന്യം കയറ്റുമതി ചെയ്യുന്നത് റഷ്യ തടയുന്ന സാഹചര്യം ഇരുവരും ചർച്ച ചെയ്തു. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനായി സുരക്ഷിതമായ പാതകൾ ഒരുക്കുന്നതിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും ഈ ശ്രമങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെലൻസ്കി പറഞ്ഞു.

സമാധാനശ്രമങ്ങളിൽ യുക്രൈൻ എപ്പോഴും ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും റഷ്യയും ഇതേ രീതിയിൽ സംഘർഷം കുറയ്ക്കാൻ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. സമുദ്രപാതകൾ തടസ്സപ്പെടുന്നത് ലോക സമ്പദ്വ്യവസ്ഥയെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെയും ബാധിക്കുന്നുവെന്ന് റഷ്യ മനസ്സിലാക്കണം. ഈ വിഷയങ്ങളിലും മറ്റ് ഉഭയകക്ഷി കാര്യങ്ങളിലും ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ ആശയവിനിമയം തുടരുമെന്ന് തീരുമാനിച്ചതായും സെലൻസ്കി അറിയിച്ചു.

  • Share This Article
Drisya TV | Malayalam News