Drisya TV | Malayalam News

സംസ്ഥാന സ്കൂള്‍ കായികമേളക്ക് ഇന്ന് സമാപനം

 Web Desk    31 Oct 2026

സംസ്ഥാന സ്കൂള്‍ കായികമേള അത്‌ലറ്റിക്സ് കിരീടപ്പോരിന്റെ ആവേശം അവസാന ലാപ്പിൽ. മേള ഇന്ന് സമാപിക്കവേ മലപ്പുറം കുതിപ്പ് തുടരുകയാണ്. രണ്ടാംസ്ഥാനത്തുള്ള പാലക്കാടുമായി 40 പോയന്റിന്റെ വ്യക്തമായ മുൻതൂക്കമുണ്ട്. അന്തിമദിനത്തിൽ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ കിരീടം ഇക്കുറിയും മലപ്പുറത്തേക്ക് പോവും. 16 സ്വര്‍ണവും 20 വെള്ളിയും 16 വെങ്കലവുമുള്‍പ്പെടെ 168 പോയന്റാണ് ജില്ലക്ക്. 12 സ്വര്‍ണവും 15 വെള്ളിയും 13 വെങ്കലവുമായി 128 പോയന്റോടെ പാലക്കാടും. മൂന്നാംസ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 10 സ്വര്‍ണവും 10 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 88 പോയന്റാണ് സമ്പാദ്യം.

തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ചാമ്പ്യൻ സ്കൂൾ ട്രോഫി ഉറപ്പിച്ചിട്ടുണ്ട്. എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 71.3 പോയന്റോടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂരിനേക്കാൾ (34) ഇരട്ടിയിലധികം പോയന്റിന്റെ മുൻതൂക്കമുണ്ട് ഇവർക്ക്. മേളയുടെ രണ്ടാംദിനം മുന്നിലെത്തിയ ഐഡിയല്‍ പിന്നീട് പിറകോട്ട് പോയിട്ടില്ല. 200 മീറ്റര്‍ ഓട്ടം, നാല് വിഭാഗങ്ങളില്‍ 4x400 മീറ്റര്‍ റിലേ തുടങ്ങി 15 ഇനങ്ങളിലെ ഫൈനലാണ് ഇനി നടക്കാനുള്ളത്. ഇതിൽ പാലക്കാടിനും മലപ്പുറത്തിനും ഒരുപോലെ പ്രതീക്ഷയുണ്ട്.

അതേസമയം, ഗെയിംസിൽ തിരുവനന്തപുരം ജേതാക്കളായി. 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവുമടക്കം 1310 പോയന്റാണ് നേടിയത്. കണ്ണൂർ 84 സ്വർണവും67 വെള്ളിയും 74 വെങ്കലവുമുൾപ്പെടെ 813 പോയന്റുമായി രണ്ടും തൃശൂർ 796 പോയന്റുമായി മൂന്നും സ്ഥാനങ്ങളിലെത്തി. ഗെയിംസിലെയും അക്വാട്ടിക്സിലെയും മികവിൽ ഓവറോൾ കിരീടം ഇക്കുറിയും സ്വന്തമാക്കാൻ പോവുന്ന തിരുവനന്തപുരത്തിന് ആകെ 2004.3 പോയന്റുണ്ട്. സമാപന സമ്മേളനം വൈകീട്ട് നാലിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

  • Share This Article
Drisya TV | Malayalam News