Drisya TV | Malayalam News

പഠനം ഇനി കൂടുതൽ എളുപ്പമാക്കാൻ ഗൂഗിളിന്റെ പുതിയ സമ്മാനം

 Web Desk    30 Oct 2026

ഇന്ത്യയിലെ വിദ്യാർഥികൾക്ക് പഠനം ഇനി കൂടുതൽ എളുപ്പമാക്കാൻ ഗൂഗിളിന്റെ പുതിയ സമ്മാനം. ജെമിനി നോട്ട്ബുക്കിൽ ഇനി മുതൽ നൂറുകണക്കിന് പാഠപുസ്തകങ്ങൾ പൂർണമായും സൗജന്യമായി ലഭിക്കും.

പരീക്ഷാ തിരക്കിൽ റിവിഷനും സംശയനിവാരണത്തിനും എല്ലാം എഐയെ ആശ്രയിക്കുന്നവരാണ് ഇന്നത്തെ വിദ്യാർഥികൾ. എന്നാൽ ഓരോ വിഷയത്തിന്റെയും നോട്ട്സ് തപ്പി എടുത്ത് അപ്‌ലോഡ് ചെയ്യുന്നത് തന്നെ വലിയ പണിയാണ്. ആ തലവേദനക്കാണ് ഗൂഗിൾ പരിഹാരം കണ്ടിരിക്കുന്നത്. ഇന്ത്യയിലും അമേരിക്കയിലുമാണ് ആദ്യ ഘട്ടത്തിൽ ഈ സൗകര്യം എത്തുന്നത്.നേരത്തെ നോട്ട്ബുക്ക് എൽഎം എന്നറിയപ്പെട്ടിരുന്ന ജെമിനി നോട്ട്ബുക്ക് സാധാരണ ചാറ്റ്ബോട്ട് പോലെയല്ല പ്രവർത്തിക്കുന്നത്. ഇന്റർനെറ്റിൽ നിന്ന് എന്തെങ്കിലും വിവരം പറയുന്നതിന് പകരം, നമ്മൾ നൽകുന്ന പുസ്തകത്തിൽ നിന്ന് മാത്രം ഉത്തരം കണ്ടെത്തി നൽകും എന്നതാണ് ഇതിന്റെ രീതി. ഇപ്പോൾ പാഠപുസ്തകങ്ങൾ തന്നെ നേരിട്ട് ലഭ്യമായതോടെ വിശ്വസനീയമായ ഒരു പഠന കൂട്ടാളിയായി ഇത് മാറി.

ഈ ശേഖരത്തിൽ ആരൊക്കെയുണ്ട് എന്നതാണ് മറ്റൊരു കൗതുകം. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ഓപ്പൺസ്റ്റാക്സ്, ഓപ്പൺ ടെക്സ്റ്റ്ബുക്ക് ലൈബ്രറി എന്നിവയുടെ പുസ്തകങ്ങൾക്കൊപ്പം മലയാളി വിദ്യാർഥികൾക്ക് പോലും സുപരിചിതമായ എസ് ചാന്ദ് പബ്ലിഷിംഗിന്റെ പുസ്തകങ്ങളും ഉണ്ട്. സയൻസ് മുതൽ കണക്ക് വരെയുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടും.

എഐ പറയുന്നത് കണ്ണടച്ച് വിശ്വസിക്കണോ എന്ന സംശയം വേണ്ട. ഓരോ ഉത്തരത്തിനൊപ്പവും അത് പുസ്തകത്തിലെ ഏത് പേജിൽ നിന്നാണെന്ന് കൃത്യമായി സൈറ്റേഷൻ സഹിതം കാണിക്കും. തെറ്റായ വിവരങ്ങൾ പഠിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതാകും. കൂടാതെ പുസ്തകം വെച്ച് തന്നെ നിങ്ങൾക്ക് വേണ്ടി മാത്രമുള്ള സ്റ്റഡി ഗൈഡ് ഉണ്ടാക്കാം, ക്വിസ് തയ്യാറാക്കി പരീക്ഷക്ക് മുൻപ് പ്രാക്ടീസ് ചെയ്യാം, പ്രധാന പോയിന്റുകൾ ഓർമിക്കാൻ ഫ്ലാഷ് കാർഡുകളും നിർമിക്കാം.

ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ജെമിനി നോട്ട്ബുക്ക് തുറന്ന് ആഡ് സോഴ്സസ് എന്ന ഓപ്ഷനിൽ പോയി ടെക്സ്റ്റ്ബുക്സ് തിരഞ്ഞെടുത്ത് ഇഷ്ടമുള്ള പുസ്തകം ആഡ് ചെയ്താൽ മതി. ഒരു രൂപ പോലും നൽകേണ്ടതില്ല.കഴിഞ്ഞ മാസം പ്രഖ്യാപിച്ച എക്സ്പേർട്ട് ഇന്റലിജൻസ് പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ ഗൂഗിൾ പ്ലേ ബുക്സിൽ നിന്ന് വാങ്ങിയ പുസ്തകങ്ങൾ മാത്രമാണ് ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ അക്കാദമിക് പുസ്തകങ്ങൾ കൂടി എത്തിയതോടെ പഠനവും എഐയും ഒരിടത്ത് ഒത്തുചേർന്നിരിക്കുകയാണ്.

  • Share This Article
Drisya TV | Malayalam News