Drisya TV | Malayalam News

ചേരാനല്ലൂർ വാഹനാപകടം : നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

 Web Desk    27 Oct 2026

ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചേരാനല്ലൂർ‌ എസ്എച്ച്ഒ വിശ്വജിത്, സിഐ രാംകുമാർ, ഗ്രേഡ് എസ്ഐ മനോജ്, ഗ്രേഡ് എഎസ്ഐ അരുൺ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ പൊലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാൻ എഡിജിപി പി.വിജയൻ ചേരാനല്ലൂർ സ്റ്റേഷനിൽ നേരിട്ടെത്തിയിരുന്നു. എഡിജിപി റിപ്പോർട്ട് ഡിജിപിക്ക് മെയിൽ ചെയ്തതിനു പിന്നാലെയാണ് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

ആദ്യഘട്ടത്തിൽ തെളിവ് ശേഖരിക്കുന്നതിലുണ്ടായ വീഴ്ച, എഫ്ഐആർ ഇടുന്നതിലുണ്ടായ കാലതാമസം, നാട്ടുകാർ അപകടസ്ഥലത്തെ ദൃശ്യങ്ങൾ പകർത്തിയ ഫോണുകളിൽ നിന്നും അവ ഡിലീറ്റ് ചെയ്ത സംഭവം എന്നീ വീഴ്ചകൾ പൊലീസിനു സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വീഴ്ച സംഭവിച്ച പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ന് നിയമസഭയിൽ ആഭ്യന്തര മന്ത്രി ഉറപ്പുനൽകിയിരുന്നു.

അഡിഷനൽ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണനാണ് (55) ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലുണ്ടായ അപകടത്തിൽ മരിച്ചത്.ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ്, അപകടമുണ്ടായി 32 മണിക്കൂറിനു ശേഷം പൊലീസ് കേസെടുത്തത്. എന്നാൽ, ജഡ്ജിക്കെതിരെയുള്ള നടപടിക്കു ഹൈക്കോടതിയുടെ അനുമതി തേടാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നു പൊലീസ് പറയുന്നു. ജയബാലകൃഷ്ണന്റെ മക്കൾ ഇന്നലെയും ചേരാനല്ലൂർ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അടിയന്തര ഇടപെടലുണ്ടാകുമെന്നു മന്ത്രി രമേശ് ചെന്നിത്തല നൽകിയ ഉറപ്പിൽ രാത്രി ഒൻപതോടെ സമരം അവസാനിപ്പിച്ചു.

  • Share This Article
Drisya TV | Malayalam News