Drisya TV | Malayalam News

മൂന്ന് ദിവസം പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ വരുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 27) എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും

 Web Desk    23 Sep 2026

ഈ മാസം 28 മുതല്‍ മൂന്ന് ദിവസം പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ വരുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 27) എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും. ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതലുള്ള പണിമുടക്ക് ഉറപ്പായത്. പണിമുടക്കില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ തീരുമാനം. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന് പുറമെ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിത കാല പണിമുടക്കും ആരംഭിക്കും. 

സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാനശാഖകള്‍ പണിമുടക്ക് ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാര്‍ റൂം തുറക്കും. ഓരോ ബാങ്കില്‍ നിന്നും നോഡല്‍ ഓഫിസര്‍മാരെയും ഉള്‍പ്പെടുത്തും. ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതിനിധികളും ഉണ്ടാകും. സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. 

പണിമുടക്ക് നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതികള്‍ കൂടണമെന്നും കറന്‍സി ചെസ്റ്റുകള്‍, ക്ലിയറിങ് സെന്‍ററുകള്‍, ഡേറ്റ സെന്‍ററുകള്‍ എന്നിവ പൂര്‍ണമായും പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നതിനൊപ്പം പണിമുടക്കില്‍ സഹകരിക്കാത്ത ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസില്‍ നിന്നുള്ളവരെയും പ്രയോജനപ്പെടുത്താനും നിര്‍ദേശമുണ്ട്.

  • Share This Article
Drisya TV | Malayalam News