സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ പോലീസ് അന്വേഷണം സംബന്ധിച്ച അന്തിമതീരുമാനം വൈകുന്നു. എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണമാകാം എന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെങ്കിലും, ഇതുസംബന്ധിച്ച ഫയലുകൾ സംസ്ഥാന പോലീസ് മേധാവിക്ക് ഇതുവരെ കൈമാറിയിട്ടില്ല.
അന്വേഷണം നടത്താമെന്ന് അഡ്വക്കറ്റ് ജനറൽ (എ.ജി.), അഡീഷണൽ എ.ജി., ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരിൽനിന്ന് മൂന്ന് നിയമോപദേശങ്ങളാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. എന്നാൽ, ഫയൽ ലഭിക്കാതെ നേരിട്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമോ എന്നതിലും ക്രൈംബ്രാഞ്ച് അന്വേഷണമാണോ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അന്വേഷണമാണോ നടത്തേണ്ടത് എന്നതിലും ഡി.ജി.പി.ക്ക് തീരുമാനമെടുക്കാൻ കഴിയില്ല.
സംസ്ഥാന പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തിയാൽ നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിക്കാൻ ഇ.ഡി. ആലോചിക്കുന്നുണ്ട്. പി.എം.എൽ.എ. സെക്ഷൻ 66(2) പ്രകാരം കേസെടുക്കാൻ ആവശ്യമായ രേഖകൾ ഇ.ഡി. നേരത്തെ തന്നെ ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. സംസ്ഥാന പോലീസ് എഫ്.ഐ.ആർ. ഇടുകയാണെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം ഇ.ഡി.ക്ക് കേസ് റീ-രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടു പോകാൻ സാധിക്കും.എഫ്.ഐ.ആർ.വൈകിയാൽ കോടതിയെ സമീപിക്കാൻ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് ഇ.ഡി.യുടെ ഈ നീക്കം.