Drisya TV | Malayalam News

യുഎഇയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി ഫോണ്‍പേ

 Web Desk    23 Sep 2026

യുഎഇയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ. രണ്ട് പേയ്മെന്റ് ലൈസന്‍സുകള്‍ക്കായി യുഎഇ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് കമ്പനിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

റീറ്റെയില്‍ പേയ്മെന്റ് സര്‍വീസസ് ആന്‍ഡ് കാര്‍ഡ് സ്‌കീംസ് (RPSCS), സ്റ്റോര്‍ഡ് വാല്യു ഫെസിലിറ്റീസ് (SVF) എന്നീ ലൈസന്‍സുകള്‍ക്കാണ് അനുമതി ലഭിച്ചത്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഫോണ്‍പേ അന്തിമ നിയന്ത്രണാനുമതി നേടേണ്ടതുണ്ട്. അന്തിമ അനുമതി ലഭിച്ചശേഷം യുഎഇയിലെ ബാങ്കുകള്‍, ലൈസന്‍സുള്ള പേയ്മെന്റ് സേവനദാതാക്കള്‍, പ്രാദേശിക സാങ്കേതികവിദ്യാ കമ്പനികള്‍ എന്നിവയുമായി സഹകരിക്കുമെന്ന് ഫോണ്‍പേ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 70 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും അഞ്ച് കോടി വ്യാപാരികളുമാണ് ഫോണ്‍പേയ്ക്കുള്ളത്. യുഎഇയില്‍ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായി ബാങ്കുകള്‍, ലൈസന്‍സുള്ള പേയ്മെന്റ് സേവനദാതാക്കള്‍, സാങ്കേതിക പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയില്‍ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ് ഫോണ്‍പേ നല്കുവന്നത്. 2016ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി ചുരുങ്ങിയ വര്‍ഷം കൊണ്ട് വിപണിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തി. ഇന്ത്യയിലേതിന് സമാനമായ സേവനങ്ങളാണോ യുഎഇയില്‍ നല്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

  • Share This Article
Drisya TV | Malayalam News