Drisya TV | Malayalam News

രക്ഷാബന്ധൻ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു

 Web Desk    28 Aug 2026

ഉത്തർപ്രദേശിലെ രക്ഷാബന്ധൻ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു. ബറേലി കോർപ്പറേഷന്റെ ബിജെപി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർ പങ്കെടുത്ത പരിപാടിയിലാണു സ്ത്രീകൾ തിരക്കുകൂട്ടിയത്. മേയർക്കും മകനും രാഖി കെട്ടാനായി ആയിരക്കണക്കിനു സ്ത്രീകളാണ് ബറേലി ക്ലബ് ഗ്രൗണ്ടിലെ വേദിയിൽ എത്തിയത്. രാഖികെട്ടാൻ എത്തുന്നവർക്ക് ഇവിടെനിന്നു സാരി അടക്കമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നു. ഈ തിരക്കിൽപ്പെട്ടാണ് മധു (45) എന്ന സ്ത്രീ മരിച്ചത്. മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബറേലിയിലെ യുവ സേവക് സംഘും പാർഥ് ഗൗതം ഫൗണ്ടേഷനും ചേർന്നാണ് വ്യാഴാഴ്ച രക്ഷാബന്ധൻ പരിപാടി സംഘടിപ്പിച്ചത്. രക്ഷാബന്ധൻ പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടിയിലേക്ക് ബറേലി നഗരത്തിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമുള്ള 20,000 സ്ത്രീകളെയാണ് ഈ വർഷം ക്ഷണിച്ചത്. ഉച്ചയ്ക്കു മൂന്ന് മണിക്കുശേഷം സ്ത്രീകളോടൊപ്പം പുരുഷന്മാരും കുട്ടികളും എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. പരിപാടിയിൽ സ്ത്രീകൾക്കു സാരികളും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു. ഇതാണ് തിരക്ക് വർധിക്കാൻ കാരണമായത്. 

കനത്ത തിരക്കിനിടയിൽ ഒട്ടേറെ സ്ത്രീകൾ ബോധരഹിതരായി വീണു. തുടർന്ന് മേയറും സംഘാടകരും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. പരുക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പരിപാടിക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സ്ത്രീ മരിച്ചതെന്ന റിപ്പോർട്ടുകൾ മേയർ തള്ളി.

  • Share This Article
Drisya TV | Malayalam News