പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെ ഇന്റർപോളിന് വിവരങ്ങൾ കൈമാറി ക്രൈംബ്രാഞ്ച്. അവിടുത്തെ മലയാളികളിൽനിന്ന് അനൗദ്യോഗികമായി വിവരങ്ങൾ ശേഖരിച്ചു. ചിത്രങ്ങൾ കേന്ദ്രീകരിച്ച് നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.
ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതിനിടെയാണ് ആൾ ജീവനോടെയുണ്ടെന്ന വിധത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നത്. ബ്രൂണെ-മലേഷ്യ അതിർത്തി പ്രദേശത്ത് മറ്റൊരു പേരിൽ സുകുമാരക്കുറുപ്പ് ഉണ്ടെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് സംബന്ധിച്ച് ആധികാരികമായ ഒരു വിവരവും കേരളാ പോലീസിന്റെ പക്കലില്ല. അതുകൊണ്ടുതന്നെ പുറത്തെത്തിയ വാർത്തകളിൽ എത്രത്തോളം യാഥാർഥ്യം ഉണ്ടെന്ന് അന്വേഷിക്കാനാണ് തീരുമാനം. തുടർന്നാണ് വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തുടർനടപടികളിലേക്ക് പോലീസ് കടക്കുന്നത്.
വ്യാഴാഴ്ച തന്നെ പോലീസിൻ്റെ സൈബർ ഓപ്പറേഷൻസ് വിഭാഗവും ക്രൈം ബ്രാഞ്ച് സംഘവും വിവരശേഖരണം ആരംഭിച്ചു.ഇന്റർപോളിന് അനൗദ്യോഗികമായി സന്ദേശം അയച്ചിട്ടുണ്ടെന്നാണ് വിവരം.ഇനി ഔദ്യോഗികമായി ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഇന്റർപോളിന് കത്ത് നൽകും.സുകുമാരക്കുറുപ്പിന്റേതെന്ന് പറഞ്ഞ് പുറത്തെത്തിയ ഫോട്ടോകൾ കേരളാ പോലീസ് സൈബർ വിഭാഗം പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.
സുകുമാരക്കുറുപ്പിന്റേത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ലോങ് പെൻഡിങ് (എൽപി) കേസ് ആണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. കേരളാ പോലീസ്, ഇന്റർപോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. ഇപ്പോഴത്തേത് അഭ്യൂഹങ്ങളാണ്, സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളൊന്നുമല്ല, ചെന്നിത്തല കൂട്ടിച്ചേർത്തു.