യാത്രക്കാരിയായ യുവതിയെ രാത്രി ദേശീയപാതയിലെ ഉയർന്ന ഭാഗത്ത് ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസിനെതിരെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട ബസിന്റെ പെർമിറ്റ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പൊലീസ് ആർടിഒയ്ക്ക് റിപ്പോർട്ട് നൽകി. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തിയ ‘ഋതിക' എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് യുവതിയെ ദേശീയപാതയോരത്ത് ഇറക്കിവിട്ടത്.
തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനായി ടിക്കറ്റെടുത്ത യുവതിയോട് തിക്കോടി ടൗണിലേക്ക് ബസ് പോകില്ലെന്നും വേണമെങ്കിൽ ഹൈവേയിൽ ഇറങ്ങാമെന്നും ജീവനക്കാർ അറിയിച്ചതായാണ് വിവരം.തുടർന്ന് വെളിച്ചമില്ലാത്തതും ഉയർന്നതുമായ ദേശീയപാത ഭാഗത്ത് യുവതിക്ക് ഇറങ്ങേണ്ടിവന്നു.പരിഭ്രാന്തയായി നിന്ന യുവതിയെ കണ്ട നാട്ടുകാർ സ്ഥലത്തെത്തി കോണി ഉപയോഗിച്ച് ദേശീയപാതയിൽ നിന്ന് താഴെയിറക്കുകയായിരുന്നു.