ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ യു.എസ്. അന്താരാഷ്ട്രസഹായം തേടുന്നു. കടലിടുക്ക് തുറക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അന്താരാഷ്ട്രസഖ്യം രൂപവത്കരിക്കാനാണ് യു.എസ്. ലക്ഷ്യമിടുന്നത്. സഖ്യത്തിന്റെ ഭാഗമാകാൻ യു.എസ്. വിദേശകാര്യവകുപ്പ് മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവില നാലുവർഷത്തെ ഏറ്റവും ഉയർന്നനിലയിലെത്തിയ സാഹചര്യത്തിലാണ് നീക്കം.
'മാരിടൈം ഫ്രീഡം കൺസ്ട്രക്ട്' എന്നപേരിലാകും യു.എസ്. രൂപവത്കരിക്കുന്ന അന്താരാഷ്ട്രസഖ്യം അറിയപ്പെടുക. വിവരങ്ങളുടെ കൈമാറ്റം, നയതന്ത്രമാർഗത്തിലെ ഏകോപനം, ഉപരോധങ്ങൾ നടപ്പാക്കാൻ സഹായം എന്നിവയാകും ഈ സഖ്യം ചെയ്യുകയെന്നാണ് യു.എസ്. വിദേശകാര്യവകുപ്പ് നൽകുന്ന വിവരം.
ഇത്തരമൊരു സഖ്യത്തിൽ അംഗമാകുന്നതിനെക്കുറിച്ച് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെ ഏതാനും രാജ്യങ്ങൾ ചർച്ചനടത്തിയിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചശേഷം മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം ഔപചാരികമായി അവസാനിക്കുകയും കപ്പൽഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ച മാറ്റിവെച്ചാൽ കരാറിലെത്താമെന്നാണ് ഇറാൻ മുന്നോട്ടുവെച്ച അവസാനനിർദേശം. ഇതേക്കുറിച്ച് യു.എസ്. 'നിരീക്ഷണങ്ങൾ' പങ്കുവെച്ചിട്ടുണ്ടെന്നും ഇനി പ്രതികരിക്കേണ്ടത് ഇറാനാണെന്നും മധ്യസ്ഥരായ പാകിസ്താൻ പറഞ്ഞു.