കൗമാരക്കാരായ കുട്ടികളെ സൗഹൃദാന്തരീക്ഷത്തിൽ മികച്ച വ്യക്തിത്വത്തോടെ വളർത്താൻ രക്ഷിതാക്കൾക്ക് പരിശീലനവുമായി എസ്.സി.ഇ.ആർ.ടി. ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ളാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് പേരന്റിംഗ് പരിശീലനം. പി.ടി.എകൾ വഴി ഈ അദ്ധ്യയനവർഷം തന്നെ നടപ്പാക്കും. കുട്ടികളുടെ ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത, അക്രമവാസന, പഠന പിന്നാക്കാവസ്ഥ തുടങ്ങിയവ പരിഹരിക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിവിഭാഗം പ്രൊഫസർ ഡോ.അരുൺ ബി.നായർ അദ്ധ്യക്ഷനായി വിദ്യാഭ്യാസ, മനഃശാസ്ത്ര, നിയമ, ഡിജിറ്റൽ രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സമിതി ഇതിനായി രക്ഷാകർതൃബോധന മോഡ്യൂൾ തയ്യാറാക്കി.കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാതെ മനഃശാസ്ത്ര തത്വങ്ങളിലൂടെ ശിക്ഷണവും പ്രോത്സാഹനവും നൽകാൻ രക്ഷിതാക്കളെ പരിശീലിപ്പിക്കും. സ്വതന്ത്രമായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അഭിപ്രായങ്ങൾ പറയാനും കുട്ടികളെ പ്രാപ്തരാക്കാനുള്ള പരിശീലനവും നൽകും. അച്ചടക്കത്തിനൊപ്പം സ്നേഹവും സ്വാതന്ത്ര്യവും നൽകി കുട്ടികളെ വളർത്താനും ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും പരിശീലനം നൽകും.