Drisya TV | Malayalam News

കൗമാരക്കാരുടെ യൂട്യൂബ് ഉപയോഗത്തിന് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ

 Web Desk    1 Aug 2025

കൗമാരക്കാരുടെ യൂട്യൂബ് ഉപയോഗത്തിന് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ. ബുധനാഴ്ചയാണ് കൗമാരക്കാർക്ക് വിലക്കുള്ള വെബ്സൈറ്റുകളുടെ പട്ടികയിൽ യൂട്യൂബിനേയും ഉൾപ്പെടുത്തിയതായി ഓസ്ട്രേലിയ അറിയിച്ചത്. നേരത്തെ ഈ വിലക്കിൽ നിന്ന് യൂട്യൂബിന് ഇളവ് നൽകിയിരുന്നു. എന്നാൽ ഒരു സർവേയിൽ യൂട്യൂബിൽ 37 ശതമാനം ദോഷകരമായ ഉള്ളടക്കങ്ങളാണെന്ന് പ്രായപൂർത്തിയാകാത്ത ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തത് ചൂണ്ടിക്കാട്ടി യൂട്യൂബിനുള്ള ഇളവ് ഒഴിവാക്കാൻ ഓസ്ട്രേലിയൻ കമ്മ്യൂണിക്കേൻസ് ആന്റ് മീഡിയാ അതോറിറ്റി ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. ഡിസംബറിലാണ് വിലക്ക് നിലവിൽവരിക.

ഓസ്ട്രേലിയയിലെ 13 മുതൽ 15 വയസുവരെ പ്രായമുള്ള ഉപഭോക്താക്കളിൽ മുക്കാൽ ഭാഗവും തങ്ങളുടെ ഉപഭോക്താക്കളാണെന്ന് യൂട്യൂബ് പറയുന്നു. വീഡിയോകൾ പങ്കുവെക്കുന്നതാണ് തങ്ങളുടെ പ്രധാന പ്രവർത്തനമെന്നും കൂടുതലും ടിവി സ്ക്രീനുകളിലാണ് കാണുന്നതെന്നും ഇത് സോഷ്യൽ മീഡിയ അല്ലെന്നും ആ വിഭാഗത്തിൽ ഉൾപെടുത്തരുതെന്നും കമ്പനി ആവശ്യപ്പെടുന്നു.

അധ്യാപകർക്കിടയിൽ യൂട്യൂബിനുള്ള പ്രചാരം കണക്കിലെടുത്ത് കഴിഞ്ഞ വർഷം യൂട്യൂബിന് ഇളവ് നൽകിയതിനെതിരെ നിരോധനത്തിന്റെ പരിധിയിൽ വരുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക് പ്ലാറ്റ്ഫോമുകൾ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ ഉത്പന്നങ്ങളുമായി വലിയ സാമ്യതകൾ യൂട്യൂബിനുണ്ട്. ഉപഭോക്താക്കൾക്ക് ആശയവിനിമയം നടത്താനും ആക്ടിവിറ്റി അടിസ്ഥാനമാക്കിയുള്ള അൽഗൊരിതത്തിലൂടെ ഉള്ളടക്കങ്ങൾ റെക്കമെന്റ് ചെയ്യാനുമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ വിലക്കനുസരിച്ച് 16 വയസിൽ താഴെയുള്ളവർ യൂട്യൂബ് കാണുന്നതിന് നിയമപരമായ വിലക്കുവരും. എന്നാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും യൂട്യൂബ് വീഡിയോകൾ കൗമാരക്കാരെ കാണിക്കാനുള്ള അനുവാദം ലഭിക്കും.

  • Share This Article
Drisya TV | Malayalam News