എൽജി എനർജി സൊല്യൂഷനുമായി (എൽജിഇഎസ്) 4.3 ബില്യൺ ഡോളറിന്റെ വമ്പൻ ബാറ്ററി കരാറിൽ ഒപ്പുവെച്ച് ടെസ്ല. ബാറ്ററി പാക്ക് പോലുള്ള പ്രധാന ഘടകങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമന്റെ ലക്ഷ്യം. ഈ തന്ത്രത്തിന്റെ ഭാഗമായാണ് എൽജിഇഎസുമായുള്ള ഇപ്പോഴത്തെ കരാർ.
ദക്ഷിണ കൊറിയൻ കമ്പനിയായ എൽജിക്ക് 2027 ഓഗസ്റ്റ് മുതൽ 2030 ജൂലായ് വരെ മൂന്ന് വർഷത്തേക്ക് ടെസ്ലയുമായി വിതരണ കരാറുണ്ട്. എന്നിരുന്നാലും, ഉപഭോക്താവിന്റെ ആവശ്യകത അനുസരിച്ച് വിതരണ കാലാവധി ഏഴ് വർഷം വരെ നീട്ടാനും അളവ് വർധിപ്പിക്കാനും കരാറിൽ വ്യവസ്ഥചെയ്യുന്നു. കരാർ പ്രകാരം, യുഎസ് ഫാക്ടറിയിൽനിന്ന് ഊർജ്ജ സംഭരണ സംവിധാനങ്ങൾക്കായി എൽജിഇഎസ്, ടെസ്ലയ്ക്ക് ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററികൾ നൽകും.
നിലവിലുള്ള താരിഫ് യുദ്ധത്തിനും നയപരമായ വെല്ലുവിളികൾക്കുമിടയിൽ, ചൈനീസ് വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ടെസ്ല ശ്രമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി, ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ ടെസ്ല ലക്ഷ്യമിടുന്നു. മിഷിഗണിലുള്ള എൽജിഇഎസിന്റെ യുഎസ് ഫാക്ടറിയിൽ നിന്നായിരിക്കും എൽഎഫ്പി ബാറ്ററികൾ വിതരണം ചെയ്യുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉപഭോക്താവിനെ വെളിപ്പെടുത്താതെ, മൂന്ന് വർഷത്തേക്ക് ആഗോളതലത്തിൽ എൽഎഫ്പി ബാറ്ററികൾ വിതരണം ചെയ്യുന്നതിനായി 4.3 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതായി എൽജിഇഎസ് അറിയിച്ചിരുന്നു. എന്നാൽ, ടെസ്ലയും ജനറൽ മോട്ടോഴ്സും പ്രധാന ഉപഭോക്താക്കളായുള്ള കമ്പനിയുടെ ഈ അറിയിപ്പിൽ, എൽഎഫ്പി ബാറ്ററികൾ വാഹനങ്ങളിലാണോ അതോ ഊർജ്ജ സംഭരണ സംവിധാനങ്ങളിലാണോ ഉപയോഗിക്കുക എന്ന് വ്യക്തമാക്കിയിരുന്നില്ല.
ടെസ്ല നിലവിൽ ചൈനയിൽ നിന്നാണ് എൽഎഫ്പി ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഉയർന്ന താരിഫുകൾ കാരണം യുഎസ് കമ്പനികൾക്ക് ചൈനയിൽനിന്ന് എൽഎഫ്പി ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറി. താരിഫുകൾ കാരണം തങ്ങളുടെ ഊർജ്ജ സംഭരണ ബിസിനസ്സിനായി ചൈനീസ് ഇതര ബാറ്ററി വിതരണക്കാരെ കണ്ടെത്താൻ ഇവി കമ്പനി ശ്രമിക്കുകയാണെന്നും എന്നാൽ ഇതിന് സമയമെടുക്കുമെന്നും ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) വൈഭവ് തനേജ 2025 ഏപ്രിലിൽ പറഞ്ഞിരുന്നു.