Drisya TV | Malayalam News

യു.പി.ഐ ആപ്പുകൾ വഴിയുള്ള പണമിടപാടിന് പിൻ നമ്പറിന് പകരം ഇനി ​ഫേസ് ഐഡി

 Web Desk    31 Jul 2025

ഗൂഗ്ൾ പേ, ഫോൺ പേ, പേയ് ടിഎം ഉൾപ്പെടെ യു.പി.ഐ ആപ്പുകൾ വഴിയുള്ള പണമിടപാടിന് പിൻ നമ്പറിന് പകരം മുഖം തിരിച്ചറിയുന്ന ​‘ഫേസ് ഐഡിയും’ വിരലടയാളം വഴി ആധികാരികത ഉറപ്പാക്കുന്ന ‘ഫിംഗർ പ്രിന്റ്’ സൗകര്യവും നടപ്പിലാക്കാൻ നാഷണൽ പേയ്മെന്റ് കോർപറേഷൻ (എൻ.പി.സി.ഐ) തീരുമാനം. പുതിയ പരിഷ്‍കാരം അധികം വൈകാതെ പ്രാബല്ല്യത്തിൽ വരും.

യു.പി.ഐ ഇടപാടുകൾക്ക് അതിവേഗവും, സുരക്ഷയും ഉറപ്പാക്കുകയാണ് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. അധികം​ വൈകാതെ തന്നെ ഫേസ് ഐഡിയും ഫിംഗർ പ്രിന്റും യു.പി.ഐയിൽ നടപ്പിലാകുമെന്ന് എൻ.പി.സി.ഐ അധികൃ​തരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം പിൻ നമ്പറിന് പകരം ബയോമെട്രിക് സൗകര്യം ഉപയോഗിക്കാൻ സൗകര്യമൊരുങ്ങും.സ്മാർട്ട് ഫോണുകളിലെ ഫേസ് ഐഡി, ഫിംഗർ പ്രിന്റുകൾ തന്നെയാകും യു.പി.ഐയിൽ ഇടപാടുകൾക്കും ഉപയോഗപ്പെടുത്തുന്നത്.

ഉപയോക്താവിന്റെ മുഖമോ, വിരലടയാളമോ തിരിച്ചറിയുമ്പോൾ മാത്രമേ യു.പി.ഐ ആപ്പ് തുറക്കപ്പെടൂ എന്നതിനാൽ പിൻ നമ്പറിനേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ബയോമെട്രിക് സേവനത്തിന്റെ പ്രത്യേകത. ഇടപാടുകൾക്ക് കൂടുതൽ വേഗത നൽകുന്നതിനൊപ്പം ലളിതവുമായി മാറും.ബയോമെട്രിക് സേവനം ലഭ്യമാകുമ്പോൾ തന്നെ, പിൻ നമ്പർ ആവശ്യമുള്ള ഉപയോക്താവിന് അത് തുടരാനും സൗകര്യമുണ്ടാവും.

  • Share This Article
Drisya TV | Malayalam News