Drisya TV | Malayalam News

ഓണം കളറാക്കാൻ തിരുവോണം ബംപർ പുറത്തിറക്കി ലോട്ടറി വകുപ്പ്

 Web Desk    31 Jul 2025

500 രൂപ ചെലവാക്കി ഓണം ബംപറെടുത്താല്‍ 21 പേര്‍ക്ക് കോടിപതികളാകാം എന്നതാണ് ബംപറിന്‍റെ പ്രത്യേകത. 25 കോടി ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബംപര്‍ ടിക്കറ്റിന്‍റെ വില 500 രൂപയാണ്. സെപ്റ്റംബർ 27 ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 

കഴിഞ്ഞ വർഷത്തെ അതേ സമ്മാനഘടനയാണ് ഇത്തവണയും. പത്ത് സീരീസുകളിൽ ആണ് ടിക്കറ്റുകൾ പ്രിൻറ് ചെയ്തിരിക്കുന്നത്. ടിഎ, ടിബി, ടിസി, ടിഡി. ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നീ സീരിസുകളിലായി ഓണം ബംപര്‍ ലഭിക്കും. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം നൽകും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും. 

നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 10 പേര്‍ക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്. അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒന്‍പതുപേര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. ആകെ 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബംപറില്‍ സമ്മാനത്തുകയായി നല്‍കുക.  

കഴിഞ്ഞ വർഷം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ അതിനെ മറികടക്കുന്ന വില്പനയാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.

  • Share This Article
Drisya TV | Malayalam News