തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പേവിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. കൊച്ചുകുട്ടികളും പ്രായപൂർത്തിയാകാത്തവരും തെരുവുനായകളുടെ ഇരകളാകുന്നുവെന്ന് ജസ്റ്റിസ് ജെ.ബി. പർഡിവാലാ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നൂറുകണക്കിന് തെരുവുനായ കേസുകൾ പേവിഷബാധയിലേക്ക് നയിക്കുകയാണ്. ഇതു കുട്ടികളെയും പ്രായമായവരെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ നഗരങ്ങളില്‍ ദിവസവും നൂറുകണക്കിനു തെരുവുനായ ആക്രമണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതും അസ്വസ്ഥത ഉളവാക്കുന്നതും ആണെന്നും സുപ്രീം കോടതി പറഞ്ഞു.
സ്വമേധയാ എടുത്ത കേസ്, തുടര്‍നടപടികള്‍ക്കായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് മുൻപാകെ സമര്‍പ്പിക്കാനും ജസ്റ്റിസ് ജെ.ബി. പര്‍ഡിവാലയുടെ ബെഞ്ച് നിര്‍ദേശിച്ചു. സുപ്രീം കോടതി റജിസ്ട്രിക്കാണ് നിര്‍ദേശം നല്‍കിയത്.