Drisya TV | Malayalam News

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഇ-ചലാൻ സോഫ്റ്റ്വെയറിൽ പിഴവ്

 Web Desk    27 Jul 2025

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഇ-ചലാൻ സോഫ്റ്റ്വെയറിൽ ഗുരുതര പിഴവ്. ഗതാഗത നിയമലംഘനത്തിനുള്ള പിഴ സ്വീകരിച്ച ശേഷവും കേസ് കോടതിക്ക് കൈമാറുന്നതായാണ് പരാതി ഉയർന്നത്. പോലീസും ഗതാഗതവകുപ്പും എഐ ക്യാമറകളും ചുമത്തുന്ന പിഴകൾ നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈനിൽ അടയ്ക്കാവുന്നതാണ്. ഇതിൽ വീഴ്ച വരുത്തുമ്പോഴാണ് സാധാരണയായി കേസ് കോടതിക്ക് കൈമാറാറുള്ളത്. എന്നാൽ കോടതി നടപടി ഒഴിവാക്കാൻ പിഴ അടച്ച വർക്കാണ് വീണ്ടും പിഴ അടയ്ക്കാൻ കോടതിയിൽ നിന്നും സന്ദേശം എത്തുന്നത്.

വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ കേസ് വെർച്വൽ കോടതിക്ക് കൈമാറി എന്ന സന്ദേശമാണ് തെളിയുന്നത്. സാധാരണഗതിയിൽ പിഴ അടയ്ക്കുമ്പോൾ തുടർനടപടികൾ ഒഴിവാക്കേണ്ടതാണ്. പിഴ അടച്ചത് സംബന്ധിച്ച വിവരം വാഹൻ സോഫ്റ്റ്വെയറിനും കൈമാറും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ ക്രമീകരണം പ്രവർത്തിച്ചിട്ടില്ല. വെർച്വൽ കോടതി സൈറ്റിലും പിഴ വീണ്ടും അടയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇ-ചലാൻ പിഴത്തുക തട്ടിയെടുക്കുന്ന സൈബർ കേസുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സോഫ്റ്റ്വെയറിൽ തകരാർ സംഭവിച്ചത്. 

വാഹനങ്ങളുടെ ഫിറ്റ്നസ്, പെർമിറ്റ് പുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് അപേക്ഷിക്കുമ്പോൾ അതുവരെയുള്ള പിഴകളെല്ലാം അടച്ചു തീർക്കേണ്ടതായുണ്ട്. ഇങ്ങനെ വൻ തുക പിഴ അടച്ചവർക്ക് വീണ്ടും പിഴ അടയ്ക്കേണ്ട സ്ഥിതിയാണ് കേസ് നിലനിൽക്കുന്നതായി സന്ദേശം വരുന്നതിനാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും തുടർ സേവനങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News