Drisya TV | Malayalam News

പിഴയടക്കം 517.34 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹ്യുണ്ടായിക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ് 

 Web Desk    23 Jul 2025

ചില എസ്യുവി മോഡലുകൾക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) കോമ്പൻസേഷൻ സെസ് കുറച്ച് അടച്ചുവെന്നാരോപിച്ച്, അധികൃതരിൽനിന്ന് പിഴയടക്കം 517.34 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.

2017 സെപ്റ്റംബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിൽ ചില എസ്യുവി മോഡലുകൾക്ക് ജിഎസ്ടി കോമ്പൻസേഷൻ സെസ് കുറച്ച് അടച്ചുവെന്ന ആരോപണത്തിൽ 258.67 കോടി രൂപയുടെ സെസ് ഡിമാൻഡും 258.67 കോടി രൂപ പിഴയും സ്ഥിരീകരിച്ചുകൊണ്ട് തമിഴ്നാട്ടിലെ സിജിഎസ്ടി വകുപ്പിലെ കമ്മീഷണറിൽനിന്ന് ഉത്തരവ് ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒരു റെഗുലേറ്ററി ഫയലിങ്ങിൽ വ്യക്തമാക്കി.

അതേസമയം, ഈ ഉത്തരവ് കമ്പനിയുടെ സാമ്പത്തിക, പ്രവർത്തന, അല്ലെങ്കിൽ മറ്റ് കാര്യങ്ങളെ ബാധിക്കില്ലെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. കമ്പനി നിലവിൽ ഉത്തരവ് പരിശോധിച്ചുവരികയാണെന്നും അപ്പീൽ നൽകാനുള്ള തങ്ങളുടെ അവകാശം വിനിയോഗിക്കുമെന്നും അറിയിച്ചു. 'വ്യവസായം നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ഈ വിഷയത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് (സിബിഐസി) നൽകിയ ഭേദഗതിയും വിശദീകരണങ്ങളും കമ്പനിക്ക് അനുകൂലമാണെന്നാണ് ഹ്യുണ്ടായിയുടെ കാഴ്ചപ്പാട്. ഞങ്ങൾ ഉത്തരവ് പുനഃപരിശോധിച്ചു വരികയാണ്. ഉചിതമായ ഫോറത്തിലൂടെ നിയമപരമായ പരിഹാരം തേടും', കമ്പനി വക്താവ് പ്രതികരിച്ചു.

വാഹനങ്ങൾക്കുള്ള ജിഎസ്ടി കോമ്പൻസേഷൻ സെസ് എന്നത്, സാധാരണയായി 28 ശതമാനം വരുന്ന ജിഎസ്ടിക്ക് പുറമെ, ചില പ്രത്യേക വിഭാഗം വാഹനങ്ങളുടെ മേൽ ചുമത്തുന്ന ഒരു അധിക ലെവിയാണ്. ജിഎസ്ടി നടപ്പാക്കിയത് മൂലം സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിൽ ഉണ്ടാകുന്ന കുറവ് നികത്താൻ ഫണ്ട് ശേഖരിക്കുന്നതിനാണ് 2017-ൽ ഈ കോമ്പൻസേഷൻ സെസ് ഏർപ്പെടുത്തിയത്.

  • Share This Article
Drisya TV | Malayalam News