Drisya TV | Malayalam News

പുണെയിൽ ബാങ്കിനുള്ളിൽ മാനേജർ തൂങ്ങിമരിച്ച നിലയിൽ

 Web Desk    19 Jul 2025

ഉത്തർപ്രദേശിലെ പ്രയാഗ‌രാജ് സ്വദേശിയായ ശിവശങ്കർ മിത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാരമതിയിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജോലി സമ്മർദ്ദമാണ് മരണത്തിനുള്ള കാരണമെന്ന് കുറിപ്പിൽ പറയുന്നുണ്ട്.

ആരോഗ്യപ്രശ്‌നങ്ങളും കടുത്ത ജോലി സമ്മർദവും ചൂണ്ടിക്കാട്ടി ചീഫ് മാനേജർ പദവിയിൽനിന്ന് ശിവശങ്കർ മിത്ര രാജി സമർപ്പിച്ചിരുന്നു. ബാങ്ക് സമയം കഴിഞ്ഞ് മറ്റുള്ള ജീവനക്കാരോട് പോകാനും ബാങ്ക് താൻ അടച്ചോളാമെന്നും ശിവശങ്കർ പറഞ്ഞിരുന്നെന്നാണ് വിവരം. ഒരു സഹപ്രവർത്തകനോട് കയർ കൊണ്ടുവരാൻ ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. രാത്രി 10 മണിയോടെ ശിവശങ്കർ ബാങ്കിനുള്ളിൽ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

അർദ്ധരാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് വിളിച്ചിട്ടും ഫോൺ എടുത്തില്ല. തുടർന്ന് ശിവശങ്കറിനെ അന്വേഷിച്ച് ഭാര്യ ബാങ്കിലെത്തി. ബാങ്കിനുള്ളിൽ വെളിച്ചമുണ്ടായിരുന്നു. എന്നാൽ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. തുടർന്ന് ഭാര്യ ബാങ്ക് ജീവനക്കാരെ വിവരമറിയിച്ചു. ജീവനക്കാരെത്തി ബാങ്ക് തുറന്നതോടെയാണ് ശിവശങ്കറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പരിസരത്തുനിന്ന് കിട്ടിയ ആത്മഹത്യാ കുറിപ്പിൽ ജോലി സമ്മർദമാണ് മരണകാരണമെന്ന് പറയുന്നുണ്ടെങ്കിലും ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News