Drisya TV | Malayalam News

UIDAI കഴിഞ്ഞ 14 വർഷത്തിനിടെ റദ്ദാക്കിയത് 1.15 കോടി ആധാർ കാർഡുകൾ

 Web Desk    18 Jul 2025

യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ 14 വർഷത്തിനിടെ 1.15 കോടി ആധാർ കാർഡുകൾ മാത്രമാണ് റദ്ദാക്കിയതെന്ന് കണക്കുകൾ. ഇതേസമയത്ത്, കോടിക്കണക്കിനാളുകൾ മരിച്ചപ്പോഴാണ് കുറഞ്ഞ കാർഡുകൾ മാത്രം അതോറിറ്റി റദ്ദാക്കിയത്. 2025 ജൂണിലെ കണക്കുകൾ പ്രകാരം 142.39 കോടി ആധാർ കാർഡ് ഉടമകളാണ് ഇന്ത്യയിലുള്ളത്.

രാജ്യത്തിന്റെ ആകെ ജനസംഖ്യ 146.39 കോടി ആയിരിക്കുമ്പോഴുള്ള സ്ഥിതിയാണിത്. 2007നും 2019നും ഇടക്ക് പ്രതിവർഷം 83.5 ലക്ഷം പേർ മരിക്കുന്നുണ്ടെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും. രജിസ്റ്റാർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്നും ഒരാൾ മരിച്ചുവെന്ന വിവരം ലഭിച്ചാൽ അതിന്റെ അടിസ്ഥാനത്തിലാകും ആധാർ കാർഡ് റദ്ദാക്കുകയെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. ആധാർ വിവരങ്ങൾക്കൊപ്പം മരിച്ചവരുടെ പേരുകൾ കൂടി നൽകിയാൽ മാത്രമേ ഇത് സാധ്യമാകുവെന്നും ഏജൻസി വ്യക്തമാക്കി. ഓരോ വർഷം റദ്ദാക്കിയ ആധാർ കാർഡുകളെ സംബന്ധിച്ചുള്ള വിവരം കൈയിലില്ലെന്നും ഏജൻസി വ്യക്തമാക്കി.

ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികളുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകി.

നിലവിലുള്ള നിയമങ്ങൾ പ്രകാരം, അഞ്ച് വയസ് പൂർത്തിയാകുമ്പോൾ കുട്ടികൾ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. എന്നിരുന്നിട്ടും, നിരവധി കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇപ്പോഴും പുതുക്കിയിട്ടില്ലെന്ന് യുഐഡിഎഐ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മുന്നറിയിപ്പ്.

  • Share This Article
Drisya TV | Malayalam News