Drisya TV | Malayalam News

ഓടുന്ന ബസില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ബസില്‍നിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു

 Web Desk    16 Jul 2025

മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തിൽ റിതിക ദേരെ(19) അൽത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.പാത്രി-സേലു റോഡിൽ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പൂണെയിൽ ജോലിചെയ്യുന്ന റിതികയും അൽത്താഫും പർബാനിയിലേക്കുള്ള സ്ലീപ്പർ കോച്ച് ബസിലാണ് യാത്രചെയ്‌തിരുന്നത്. ഗർഭിണിയായിരുന്ന യുവതിക്ക് യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെടുകയും ബസിൽവെച്ച് ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. തുടർന്ന് ഇരുവരും ഒരു തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനെ ബസിന്റെ ജനലിലൂടെ പുറത്തേക്കെറിയുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ബസിൽനിന്ന് എന്തോ പുറത്തേക്കെറിയുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അൽത്താഫിനോട് ചോദിച്ചപ്പോൾ ഭാര്യ ഛർദിച്ചതാണെന്നായിരുന്നു ഇയാൾ മറുപടി നൽകിയത്. എന്നാൽ, ബസിൽനിന്ന് എന്തോ വീണത് കണ്ടെത്തിയ നാട്ടുകാരനാണ് തുണിയിൽ പൊതിഞ്ഞനിലയിൽ നവജാതശിശുവിനെ കണ്ടത്. ഉടൻതന്നെ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം ബസ് പിന്തുടർന്ന് യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തങ്ങൾ വിവാഹിതരാണെന്നാണ് റിതികയും അൽത്താഫും പോലീസിന് നൽകിയ മൊഴി. എന്നാൽ, ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാനോ തെളിവ് നൽകാനോ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പർബാനി സ്വദേശികളായ ഇരുവരും ഒന്നരവർഷമായി പൂണെയിലാണ് താമസം. കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലാത്തതിനാലാണ് പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേർക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News