വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ ധാക്കയിലെ കുടുംബവീട് തകർക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ധാക്കയിലെ ഹരികിഷോർ റേ ചൗധരി റോഡിലുള്ള, സത്യജിത് റേയുടെ മുത്തശ്ശൻ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ പേരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടമാണ് പൊളിച്ചുനീക്കാനൊരുങ്ങുന്നതെന്ന് ബംഗ്ലദേശ് മാധ്യമങ്ങളെ ഉദ്ധരിച്ച് മമത ബാനർജി പറഞ്ഞു. കെട്ടിടം പൊളിക്കാൻ ഇതിനകം തുടങ്ങിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
‘ഈ വാർത്ത അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നതാണ്. ബംഗാൾ സംസ്കാരത്തിന്റെ മുന്‍നിര വാഹകരിൽ പ്രധാനികളാണ് റേ കുടുംബം. ബംഗാൾ നവോത്ഥാനത്തിന്റെ നെടുംതൂണാണ് ഉപേന്ദ്ര കിഷോർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാംസ്കാരിക ചരിത്രവുമായി പിരിക്കാനാകാത്തവിധം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നാണ് എന്റെ വിശ്വാസം’–മമത പറഞ്ഞു. പൈതൃകസമ്പന്നമായ കെട്ടിടം സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെടുന്നെന്നും കേന്ദ്ര സർക്കാരും വിഷയത്തിൽ ഇടപെടണമെന്നും അവർ കൂട്ടിച്ചേർത്തു.