ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ളതും 1500 കിലോമീറ്റർ പ്രഹരശേഷിയുള്ളതുമായ ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചു വിജയിച്ചതായി റിപ്പോർട്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പ്രോജക്ട് വിഷ്ണുവിന് കീഴിൽ വികസിപ്പിച്ച ‘എക്സ്റ്റെൻഡഡ് ട്രാജെക്ടറി ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ (ഇ.ടി.–എൽഡിഎച്ച്സിഎം)’ ആണ് പരീക്ഷിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രഹ്മോസ് ക്രൂസ് മിസൈലുകളേക്കാൾ ശേഷിയുള്ളതാണ് പുതിയ ക്രൂസ് മിസൈലെന്നാണ് വിവരം. ഇറാൻ–ഇസ്രയേൽ സംഘർഷം, വഷളാകുന്ന ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം എന്നീ സാഹചര്യങ്ങൾ നിലനിൽക്കവേയാണ് ഇന്ത്യൻ പ്രതിരോധ നിരയിലേക്ക് മറ്റൊരു അത്യാധുനിക ആയുധം കൂടി പ്രവർത്തസജ്ജമായത്. പാക്കിസ്ഥാനുമായി തുർക്കി സഹകരണം മെച്ചപ്പെടുത്തുന്നതിനു പിന്നാലെ പ്രതിരോധരംഗം ആധുനികീകരിക്കാൻ ഇന്ത്യ ശ്രമം തുടരുകയാണ്. ബ്രഹ്മോസ്, അഗ്നി–5, ആകാശ് മിസൈൽ സംവിധാനങ്ങളുടെ പരിഷ്കരണവും ഇതിലുൾപ്പെടുന്നു.