അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിലേക്ക്. നേരത്തെ നിശ്ചയിച്ചിരുന്നതിൽനിന്ന് 10 മിനിറ്റ് വൈകി ഇന്ത്യൻ സമയം വൈകീട്ട് 4.45-ന് ക്രൂ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് അൺഡോക് ചെയ്‌തു. അവസാനഘട്ട പരിശോധനകൾ നീണ്ടതിനാലാണ് അൺഡോക്കിങ് അൽപസമയം വൈകിയത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പേടകം കാലിഫോർണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തിൽ സ്‌പ്ലാഷ് ഡൗൺ ചെയ്യും. അതിനുശേഷം യാത്രികരെ പേടകത്തിൽനിന്ന് പുറത്തെത്തിച്ച് ബോട്ടുകളിൽ പുനരധിവാസകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം ശുക്ല അവിടെയായിരിക്കും. നാസയുടെയും സ്പേസ് എക്സിന്റെയും മിഷൻ കൺട്രോളിൽനിന്ന് അന്തിമ അനുമതി ലഭിച്ചശേഷമാണ് ഡ്രാഗൺ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുത്തിയത്.
അണുഡോക്ക ചെയ്യുന്നതിനുമുമ്പ പേടകത്തിന്റെ വാതിൽ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് എക്സ‌്ഡിഷൻ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞർ നാൽവർസംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നൽകിയിരുന്നു. ആറ് രാജ്യങ്ങളിൽനിന്നുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി ഇവർ നേരത്തേ സംഘാംഗങ്ങൾക്ക് വിരുന്നും നൽകിയിരുന്നു. മാമ്പഴംകൊണ്ടുള്ള മറാത്തിവിഭവമായ ആംരസും കാരറ്റ് ഹൽവയും ഉൾപ്പെട്ട വിരുന്നാണ് ശാസ്ത്രജ്ഞർ ശുഭാംശു ഉൾപ്പെട്ട സംഘത്തിന് നൽകിയത്.