Drisya TV | Malayalam News

കല്ല് വിഴുങ്ങിയെന്ന് തടവുകാരൻ,ശസ്ത്രക്രിയ നടത്തിയപ്പോൾ വയറ്റിൽ മൊബൈൽ ഫോൺ

 Web Desk    13 Jul 2025

ശിവമൊഗ്ഗ സെൻട്രൽ ജയിലിലെ തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. കല്ലു വിഴുങ്ങിയെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞാണ് ദൗലത്ത് ജയിൽ ഡോക്ടറുടെ അടുത്തെത്തിയത്. മരുന്നു കൊടുത്തെങ്കിലും വയറുവേദന കൂടി. ഇതേത്തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എക്സ്റേയിൽ വയറ്റിൽ ഒരു വസ്തുവുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയപ്പോൾ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് പി. രംഗനാഥ് തുംഗനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജയിൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Share This Article
Drisya TV | Malayalam News