ഇലക്ട്രിക്ക് ട്രക്ക് വാങ്ങുന്നവര്‍ക്ക് പി.എം ഇ-ഡ്രൈവ് പദ്ധതിയില്‍ 9.6 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് ലഭിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി പുറത്തിറക്കി. 5,600 ട്രക്കുകള്‍ക്കാണ് ഇന്‍സെന്റീവ് ലഭിക്കുക. ഇതില്‍ 1,100 എണ്ണവും ഡല്‍ഹിയിലേക്കാണെന്നതും പ്രത്യേകതയാണ്. പദ്ധതിക്ക് വേണ്ടി 500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ പി.എം ഇ-ഡ്രൈവ് പദ്ധതി അവസാനിക്കാന്‍ ഒമ്പതില്‍ താഴെ മാസങ്ങള്‍ ശേഷിക്കെയാണ് സര്‍ക്കാര്‍ നീക്കം.
ഇന്റേണല്‍ കംമ്പസ്റ്റഷന്‍ എഞ്ചിന്‍ (ഐസ്) ഉള്ള ഏതെങ്കിലും ട്രക്കുകള്‍ ദേശീയ പൊളിക്കല്‍ നയം അനുസരിച്ച് പൊളിക്കാന്‍ കൊടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്) കൈവശമുള്ളവര്‍ക്കാണ് ഇന്‍സെന്റീവിന് അര്‍ഹത. പൊളിച്ച വാഹനവും പുതിയ ഇ-ട്രക്കും തുല്യ ഭാരശേഷിയുള്ളതായിക്കണം. ഇലക്ട്രിക്ക് ട്രക്കിന്റെ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ഇന്‍സെന്റീവ് അനുവദിക്കുന്നത്. കിലോവാട്ട് അവറിന് (kWh) 5,000 രൂപ വീതമാണ് ഇത്തരത്തില്‍ അനുവദിക്കുന്നത്. പരമാവധി 9.6 ലക്ഷം രൂപ വരെ ഒരു ട്രക്കിന് ലഭിക്കും. സാധാരണ ഇലക്ട്രിക്ക് ട്രക്കുകളുടെ ബാറ്ററിക്ക് 250 മുതല്‍ 400 കിലോവാട്ട് അവര്‍ വരെയാണ് ശേഷിയുണ്ടാകുന്നത്.
ഇനി ഐസ് ട്രക്കുകള്‍ പൊളിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കിലും ഇന്‍സെന്റീവ് ലഭിക്കുന്ന പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരാളുടെ കൈവശമുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് പണം കൊടുത്ത് വാങ്ങാവുന്ന സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഡിജി ഇ.എല്‍വി (DigiELV) പോര്‍ട്ടലില്‍ നിന്നാണ് ഇത് സാധ്യമാകുന്നത്. ഇവയുടെ ആധികാരികത പരിശോധിച്ച ശേഷം വാഹന ഡീലര്‍ വഴിയാണ് ഇന്‍സെന്റീവിന് അപേക്ഷിക്കേണ്ടത്.
പ്രകൃതിക്ക് ദോഷം ചെയ്യാതെയുള്ള ചരക്കുനീക്കത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ പദ്ധതി ഉപകരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. 2070 എത്തുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം കൂടിയാണിത്. സ്റ്റീല്‍, സിമന്റ്, ലോജിസ്റ്റിക്‌സ്, തുറമുഖങ്ങള്‍ എന്നീ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാനും പദ്ധതിക്കാവും. ആകെ വാഹനങ്ങളുടെ മൂന്ന് ശതമാനം മാത്രമുള്ള ഡീസല്‍ വാഹനങ്ങളാണ് ഗതാഗത മേഖലയിലെ ഹരിത ഗൃഹ പ്രവാഹത്തിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നത്. ഇവയുടെ എണ്ണം കുറക്കുന്നതിലൂടെ പരിസ്ഥിതിക്കും ഗുണപരമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.