മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത സൂപ്പർ കാർ ബംഗളൂരുവിൽ സഞ്ചരിച്ചതിന് 1.41 കോടി രൂപയുടെ പിഴ ചുമത്തി കർണാടക ആർ.ടി.ഒ. നികുതിയടക്കാതെ ബംഗളൂരുവിലെ നിരത്തുകളിൽ ഉപയോഗിച്ചതിനാണ് മോട്ടോ വാഹന വകുപ്പ് പിഴ ചുമത്തിയത്. ഇതിൽ പിഴക്ക് പുറമെ നികുതിയും ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ആഡംബര സ്പോർട്സ് കാറായ 'ഫെറാരി എസ്.എസ്. 90 സ്‌ട്രെഡലിനാണ്' കർണാടകയിലെ റോഡ് നികുതി അടക്കാതെ സംസ്ഥാനത്ത് ഉപയോഗിച്ചതിനുള്ള പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ആഡംബര സ്പോർട്സ് കാർ കർണാടകയിലെ മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ വ്യാഴാഴ്ചയാണ് ബംഗളൂരു സൗത്ത് ആർ.ടി.ഒ ഉദ്യോഗസ്ഥർ ഈ വാഹനം കണ്ടെത്തുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ സൂപ്പർ കാർ കർണാടകയിലെ നികുതി അടച്ചില്ലെന്ന് കണ്ടത്തിയതോടെ വാഹനം ആർ.ടി.ഒ പിടിച്ചെടുക്കുകയും നികുതി അടക്കാൻ ഒരു ദിവസത്തെ സമയം അനുവദിച്ചുള്ള നോട്ടീസ് നൽകുകയും ചെയ്തു.
1,41,59,041 രൂപയാണ് പിഴയടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് നികുതി അടക്കാത്തതും അതിനുള്ള പിഴയുമാണ് ഈ തുക. സമീപ വർഷങ്ങളിൽ വാഹനം നികുതിയടക്കത്തിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കർണാടകയിലെ ആഡംബര കാറുകളുടെ നികുതി ഒഴിവാക്കാൻ വാഹന ഉടമകൾ മറ്റു സംസ്ഥാനങ്ങളിൽ പോയി വാഹനം രജിസ്റ്റർ ചെയ്യുകയും പിന്നീട് നഗരത്തിലേക്ക് കൊണ്ടുവരുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.